പ്രീമിയർ ലീഗിൽ ബേർൺലിക്ക് എതിരായ തോൽവിക്ക് പിറകെ അവിശ്വസനീയ പ്രതികരണവുമായി ടോട്ടൻഹാം പരിശീലകൻ അന്റോണിയോ കോന്റെ. വളരെ സത്യസന്ധമായി മത്സര ശേഷം പ്രതികരിച്ച ടോട്ടൻഹാം പരിശീലകൻ തനിക്ക് ഈ തോൽവികൾ അംഗീകരിക്കാൻ ആവില്ല എന്നു വ്യക്തമാക്കി. കഴിഞ്ഞ 5 മത്സരങ്ങളിൽ 4 പരാജയം ഏറ്റുവാങ്ങിയത് തനിക്ക് ഒരുതരത്തിലും ഉൾക്കൊള്ളാൻ ആവുന്നില്ലെന്നും ഇത് തന്റെ കരിയറിൽ ആദ്യം ആണ് എന്നും കോന്റെ പറഞ്ഞു. ടോട്ടൻഹാം തന്നെ നിയമിച്ചത് കാര്യങ്ങൾ മികച്ചത് ആക്കാനാണ് ചിലപ്പോൾ ഞാൻ മോശം ആയത് കൊണ്ടാവും ടീം തോൽക്കുന്നത് എന്നു പറഞ്ഞ ഇറ്റാലിയൻ പരിശീലകൻ മാനേജ്മെന്റ് ക്ലബിനെ പറ്റിയും തന്നെ പറ്റിയും ശരിക്ക് വിലയിരുത്തണം എന്നും ആവശ്യപ്പെട്ടു.
ക്ലബിന്റെ ആരാധകരോട് ക്ഷമ ചോദിച്ച കോന്റെ അവർ ഇത് അർഹിക്കുന്നില്ല എന്നു വ്യക്തമാക്കി. താൻ ആണ് പ്രശ്നം എങ്കിൽ തന്റെ ഭാവിയെ കുറിച്ച് ക്ലബിന് തീരുമാനം എടുക്കാം എന്നും കോന്റെ പറഞ്ഞു. തനിക്ക് മാനേജ്മെന്റിനോട് സംസാരിക്കണം എന്നു വ്യക്തമാക്കിയ കോന്റെ മികച്ച പരിഹാരം ക്ലബ് കണ്ടത്തണം എന്നും ആവശ്യപ്പെട്ടു. തനിക്ക് ഒരിക്കൽ തുടർ പരാജയങ്ങൾ അംഗീകരിക്കാൻ ആവില്ല എന്നു ആവർത്തിച്ചു വ്യക്തമാക്കുക ആയിരുന്നു കോന്റെ. ടോട്ടൻഹാമിൽ പരിശീലകർ ആണ് എപ്പോഴും മാറുന്നത് എന്നാൽ താരങ്ങൾ എപ്പോഴും ഒരേ ആളുകൾ ആണ് എന്നും റിസൾട്ടുകൾ എപ്പോഴും ഒന്നു തന്നെയാണ് എന്നും കോന്റെ പ്രതികരിച്ചു. തോൽവി വഴങ്ങിക്കൊണ്ടു വെറുതെ ശമ്പളം പറ്റാൻ തന്റെ സത്യസന്ധത അനുവദിക്കുന്നില്ല എന്നും കോന്റെ വ്യക്തമാക്കി. നിലവിൽ പ്രീമിയർ ലീഗിൽ എട്ടാമത് ആണ് ടോട്ടൻഹാം. തനിക്ക് ആവശ്യമുള്ള താരങ്ങളെ ക്ലബ് അടുത്ത ട്രാൻസ്ഫറിൽ നൽകിയില്ല എങ്കിൽ ക്ലബിൽ തുടരില്ല എന്ന വ്യക്തമായ സൂചനയാണ് കോന്റെ ഈ പ്രതികരണത്തിലൂടെ മുന്നോട്ട് വച്ചത് എന്നുറപ്പാണ്.