പ്രീമിയർ ലീഗിൽ ക്ലൗഡിയോ റാനിയേരിയുടെ വാട്ഫോർഡിനെയും വീഴ്ത്തി ചെൽസി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ചെൽസി ജയം. മത്സരത്തിൽ മികച്ച തുടക്കമാണ് വാട്ഫോർഡിന് ലഭിച്ചത്. മെന്റി രക്ഷകൻ ആയില്ലെങ്കിൽ തുടക്കത്തിൽ തന്നെ അവർ ഗോൾ നേടുമായിരുന്നു. 11 മത്തെ മിനിറ്റിൽ കാണികൾക്ക് ഒരാൾക്ക് അടിയന്തര വൈദ്യസഹായം ആവശ്യമായതിനെ തുടർന്ന് കളി അൽപ്പസമയം നിർത്തി വക്കേണ്ടിയും വന്നു. 29 മത്തെ മിനിറ്റിൽ തന്നെ ചെൽസി മത്സരത്തിൽ മുന്നിലെത്തി. കായ് ഹാവർട്സിന്റെ പാസിൽ നിന്നു മേസൻ മൗണ്ട് ആണ് ചെൽസിക്ക് ആയി ആദ്യ ഗോൾ നേടിയത്.
എന്നാൽ ചെൽസിയോടു പൊരുതി നിൽക്കുന്ന വാട്ഫോർഡിനെയാണ് തുടർന്നും കണ്ടത്. ഇതിന്റെ ഫലം ആയിരുന്നു 43 മത്തെ മിനിറ്റിൽ പ്രത്യാക്രമണത്തിൽ മൂസ സിസോക്കയുടെ പാസിൽ നിന്നു ഇമ്മാനുവൽ ഡെന്നിസ് നേടിയ ഗോൾ. ഡെന്നിസിന്റെ ഷോട്ട് റൂഡികറുടെ കാലിൽ തട്ടി ഗോൾ ആവുക ആയിരുന്നു. സീസണിൽ ഡെന്നിസിന്റെ ആറാം ഗോൾ ആണ് ഇത്. മത്സരത്തിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയത് വാട്ഫോർഡ് തന്നെയായിരുന്നു. എന്നാൽ 72 മത്തെ മിനിറ്റിൽ പകരക്കാരൻ ആയി ഇറങ്ങിയ ഹക്കിം സിയച്ച് ചെൽസിക്ക് ജയം സമ്മാനിക്കുക ആയിരുന്നു. മനോഹരമായ ഒരു ടീം നീക്കത്തിന് ഒടുവിൽ മൗണ്ടിന്റെ പാസിൽ നിന്നാണ് സിയച്ച് വിജയഗോൾ നേടിയത്. ജയത്തോടെ ചെൽസി ഒന്നാം സ്ഥാനത്ത് തുടരും അതേസമയം 17 സ്ഥാനത്ത് ആണ് വാട്ഫോർഡ് നിലവിൽ.