രണ്ടു തവണ ഗോൾ തിരിച്ചടിച്ചു സമനില നേടി ലെസ്റ്റർ സിറ്റി

Wasim Akram

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സൗത്താപ്റ്റൺ ലെസ്റ്റർ സിറ്റി മത്സരം സമനിലയിൽ. രണ്ടു തവണ പിറകിൽ പോയ ശേഷം ഗോൾ തിരിച്ചടിച്ചു ആണ് ബ്രണ്ടൻ റോഡ്‌ജേഴ്‌സിന്റെ ടീം ഒരു പോയിന്റ് സ്വന്തമാക്കിയത്. ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ച ആവേശകരമായ മത്സരം ആണ് കാണാൻ സാധിച്ചത്. മൂന്നാം മിനിറ്റിൽ തന്നെ കോർണറിൽ നിന്നു ലഭിച്ച അവസരം ഗോൾ ആക്കി മാറ്റിയ യാൻ ബെഡ്നർക് മത്സരത്തിൽ സൗത്താപ്റ്റണ് ലീഡ് സമ്മാനിച്ചു.

എന്നാൽ 22 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരം ലക്ഷ്യത്തിൽ എത്തിച്ച ജോണി ഇവാൻസ് ലെസ്റ്ററിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു. 34 മത്തെ മിനിറ്റിൽ റെഡ്മണ്ടിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ കണ്ടത്തിയ ചെ ആദംസ് ഒരിക്കൽ കൂടി സൗത്താപ്റ്റണെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. ഇത്തവണ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലൂക് തോമസിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ജെയിംസ് മാഡിസൺ ലെസ്റ്ററിനെ ഒരിക്കൽ കൂടി ഒപ്പം എത്തിക്കുക ആയിരുന്നു. തുടർന്ന് ഇരു ടീമുകൾക്കും ഗോൾ കണ്ടത്താൻ ആവാതിരുന്നതോടെ മത്സരം സമനിലയിൽ അവസാനിക്കുക ആയിരുന്നു. ലീഗിൽ നിലവിൽ ലെസ്റ്റർ എട്ടാം സ്ഥാനത്തും സൗത്താപ്റ്റൺ പതിനാറാം സ്ഥാനത്തും ആണ്.