പ്രതിരോധത്തിനു ശക്തി പകരാൻ പോർച്ചുഗീസ് താരം സെഡറിക് സോരെസിനെ ടീമിൽ എത്തിച്ച് ആഴ്സണൽ. സൗത്താപ്റ്റൺ താരമായ സെഡറിക്കിനെ വായ്പ്പ അടിസ്ഥാനത്തിൽ ആണ് ആഴ്സണൽ സ്വന്തമാക്കിയത്. ഈ സീസൺ അവസാനം വരെ സെഡറിക് ഇനി ആഴ്സണളിനായി ബൂട്ട് കെട്ടും. സ്പാനിഷ് പ്രതിരോധ താരം മാരിക്ക് ശേഷം ആഴ്സണൽ ആർട്ടെറ്റക്ക് കീഴിൽ ടീമിൽ എത്തിക്കുന്ന രണ്ടാമത്തെ താരം ആണ് സെഡറിക് പ്രതിരോധത്തിൽ വലിയ പ്രശ്നങ്ങൾ ആണ് ഈ താരങ്ങളെ ജനുവരിയിൽ ടീമിലെത്തിക്കാൻ ആഴ്സണലെ നിർബന്ധിതമാക്കിയത്. നിലവിൽ പരിക്ക് അലട്ടുന്നു എങ്കിലും ആഴ്സണൽ ടീമിന് വലിയ ശക്തിയാവും സെഡറിക്കിന്റെ വരവ്.
2016 ലെ യൂറോകപ്പ് ജേതാവ് കൂടിയായ സെഡറിക് റൈറ്റ് ബാക്ക് ആണ് എങ്കിലും ലെഫ്റ്റ് ബാക്ക് ആയും കളിക്കാൻ സാധിക്കുന്ന താരമാണ്. സൗത്താപ്റ്റൺ ടോട്ടനത്തിൽ നിന്ന് വാൽക്കർ പീറ്റേഴ്സനെ മുമ്പ് സെഡറിക്കിനു പകരക്കാരൻ ആയി ടീമിൽ എത്തിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ഇന്റർ മിലാനായും സെഡറിക് വായ്പ്പ അടിസ്ഥാനത്തിൽ കളിച്ചിരുന്നു. നിലവിൽ പ്രീമിയർ ലീഗിൽ പത്താം സ്ഥാനത്ത് ആണ് ആഴ്സണൽ, പ്രതിരോധത്തിലെ പിഴവുകൾ ആണ് പലപ്പോഴും ആഴ്സണലിന് വലിയ വിന ആയത്. അതിനാൽ തന്നെ സെഡറിക്, മാരി തുടങ്ങിയ പ്രതിരോധ നിരക്കാരുടെ വരവ് സീസൺ മികച്ച രീതിയിൽ അവസാനിപ്പിക്കാൻ സഹായിക്കും എന്ന പ്രതീക്ഷയിൽ ആണ് ക്ലബും ആരാധകരും.