മൈക്കിൾ ആർട്ടെറ്റയിൽ വിശ്വാസം അർപ്പിച്ചു ആഴ്സണൽ. സ്പാനിഷ് പരിശീലകനും ആയുള്ള കരാർ പുതുക്കിയ ക്ലബ് അദ്ദേഹവും ആയുള്ള ബന്ധം 2025 സീസൺ വരെ നീട്ടി. ക്ലബിനെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുക ആണ് തന്റെ ലക്ഷ്യം എന്നു പറഞ്ഞ ആർട്ടെറ്റ താൻ കരാർ പുതുക്കാൻ ആയതിൽ വളരെ സന്തോഷവാൻ ആണ് എന്നും പറഞ്ഞു. മികച്ച താരങ്ങളെ ടീമിൽ എത്തിച്ചു വലിയ ക്ലബുകൾക്ക് ഒപ്പം ചാമ്പ്യൻസ് ലീഗിൽ അടക്കം കളിച്ചു കിരീടങ്ങൾ ലക്ഷ്യം വക്കുക ആണ് തന്റെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉടമകൾ ആയ സ്റ്റാൻ, ജോഷ് ക്രോയെങ്കെമാരോട് സംസാരിച്ച ശേഷമാണ് താൻ തീരുമാനം എടുത്തത് എന്നു പറഞ്ഞ ആർട്ടെറ്റ അവരെ പോലെ തനിക്കും ക്ലബിനെ വലിയ ഉയരങ്ങളിൽ എത്തിക്കണം എന്നാണ് ആഗ്രഹം എന്നും പറഞ്ഞു.
ആരാധകരോട് കൂടുതൽ നല്ല ബന്ധം ഉണ്ടാക്കുക എന്നതും തന്റെ ലക്ഷ്യം ആണ് എന്ന് പറഞ്ഞ ആർട്ടെറ്റ എമിറേറ്റ്സിലെ സാഹചര്യവും കൂടുതൽ മികച്ചത് ആക്കണം എന്നും പറഞ്ഞു. ഉനയ് എമറെക്ക് പകരക്കാനായി ആണ് ആർട്ടെറ്റ ആഴ്സണൽ പരിശീലകൻ ആവുന്നത്. നിലവിൽ മോശം തുടക്കത്തിന് ശേഷം ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് അരികിൽ ആണ് ക്ലബ് ഇപ്പോൾ. അതേസമയം ഈ സീസണിൽ വനിത ടീം പരിശീലകൻ ആയി എത്തിയ സ്വീഡിഷ് പരിശീലകൻ യൊനാസ് എഡിവാളും പുതിയ കരാറിൽ ഒപ്പിട്ടു. വനിത സൂപ്പർ ലീഗ് കിരീട പോരാട്ടം അവസാന മത്സരത്തിലേക്ക് എത്തിച്ചു ആഴ്സണൽ വനിത ടീമിനെ നന്നായി മുന്നോട്ട് കൊണ്ടു പോയ സ്വീഡിഷ് പരിശീലകൻ 2024 വരെ ക്ലബും ആയുള്ള കരാർ നീട്ടി. ഇരുവരുടെയും പുതിയ കരാറുകൾ ക്ലബിന്റെ മികച്ച ഭാവി മുന്നിൽ കണ്ടു കൊണ്ടാണ് എന്നാണ് ഉടമസ്ഥൻ ജോഷ് ക്രോയെങ്കെ പ്രതികരിച്ചത്.