ആഴ്‌സണൽ ഇതിഹാസ താരം പാട്രിക് വിയേരയുടെ ക്രിസ്റ്റൽ പാലസിനെതിരെ വിജയവഴിയിൽ തിരിച്ചു എത്താൻ ആഴ്‌സണൽ ഇന്നിറങ്ങും. കളിക്കാരനായും നായകനായും ആഴ്‌സണൽ ഇതിഹാസ പദവി കൈവരിച്ച വിയേര പരിശീലകൻ ആയ ശേഷം ആദ്യമായി ആണ് ആഴ്‌സണലിനെ നേരിടാൻ ഒരുങ്ങുന്നത്. വിയേരക്ക് ഇതിഹാസ താരത്തിന് ചേർന്ന സ്വാഗതം തന്നെയാവും എമിറേറ്റ്‌സിൽ ലഭിക്കുക എന്നു പറഞ്ഞ ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റ മത്സരം കടുപ്പം ആയിരിക്കും എന്ന് വ്യക്തമാക്കിയിരുന്നു. നിലവിൽ ഏഴു കളികളിൽ നിന്നു 10 പോയിന്റുകൾ ഉള്ള ആഴ്‌സണൽ 13 സ്ഥാനത്തും അത്ര തന്നെ കളികളിൽ നിന്നു 7 പോയിന്റുകൾ ഉള്ള പാലസ് 14 സ്ഥാനത്തും ആണ്. നാലു കളികളിൽ നിന്നു പരാജയം അറിയാതെ ആണ് ആഴ്‌സണൽ മത്സരത്തിനു എത്തുന്നത് എങ്കിൽ ലിവർപൂളിനു എതിരായ പരാജയത്തിന് ശേഷം തുടർച്ചയായ രണ്ടു സമനിലക്ക് ശേഷം ആണ് പാലസ് മത്സരത്തിന് എത്തുന്നത്.
സീസണിൽ വിയേരക്ക് കീഴിൽ മികച്ച തുടക്കം ലഭിച്ച പാലസിന്റെ ആഴ്‌സണലിന് എതിരായ സമീപകാല പ്രകടനങ്ങളും വളരെ മികച്ചത് ആണ്. എമിറേറ്റ്‌സിൽ കഴിഞ്ഞ 3 കളികളിൽ പ്രീമിയർ ലീഗിൽ പാലസിന് എതിരെ ജയിക്കാൻ ആഴ്‌സണലിന് ആയിട്ടില്ല എന്നതും വസ്തുത ആണ്. ബെൻ വൈറ്റ്, ഗബ്രിയേൽ എന്നിവർക്ക് പിറകിൽ റാംമ്ദ്സേൽ ഗോൾ വല കാക്കുന്ന പ്രതിരോധം മികച്ച ഫോമിൽ ആണ് എന്നത് വിൽഫ്രെയ്‌ഡ് സാഹയെ പോലെ എന്നും ബുദ്ധിമുട്ട് വിതക്കുന്ന താരത്തിന് എതിരെ ആഴ്‌സണലിനെ സഹായിക്കും. മധ്യനിരയിൽ ശാക്കയുടെ അഭാവം നിഴലിക്കും എങ്കിലും തോമസ് പാർട്ടി മികവിലേക്ക് ഉയർന്നാൽ ആഴ്‌സണലിന് കാര്യങ്ങൾ എളുപ്പമാവും. ഒബമയാങ് ഗോൾ അടി മികവ് പുറത്ത് എടുത്താൽ പിന്നിൽ ഗോൾ അവസരങ്ങൾ തുറക്കാനും ഗോൾ അടിക്കാനുമുള്ള ശേഷി സാക്ക, ഒഡഗാർഡ്, സ്മിത്ത് റോ എന്നിവർ അടങ്ങിയ ആഴ്‌സണൽ മധ്യനിരക്ക് ഉണ്ട്. അതേസമയം സാഹക്ക് പുറമെ ബെന്റക്കെ, ഗല്ലഹാർ എന്നിവരും ആഴ്‌സണൽ പ്രതിരോധത്തിൽ ഭീതി നിറക്കാൻ പോന്നവർ ആണ്. വിയേരയുടെ പോരാട്ടവീര്യവും ആയി ഇറങ്ങുന്ന പാലസിന് എതിരെ ജയം കണ്ടു ലീഗിൽ മുന്നോട്ട് കുതിക്കാൻ തന്നെയാവും ആഴ്‌സണൽ ശ്രമം. അതേസമയം തന്റെ പഴയ പ്രിയപ്പെട്ട ആരാധകരെ നിശബ്ദരാക്കാൻ ആവും വിയേര എമിറേറ്റ്‌സിലേക്ക് എത്തുക. രാത്രി 12.30 നു ആണ് ഈ മത്സരം നടക്കുക.