പ്രീമിയർ ലീഗിൽ തങ്ങളുടെ മികച്ച പ്രകടനം തുടരാൻ ആഴ്സണൽ. നിലവിൽ തുടർച്ചയായ മൂന്നാം ലീഗ് ജയം ലക്ഷ്യം വക്കുന്ന ആഴ്സണൽ കഴിഞ്ഞ ആറു കളികളിൽ പരാജയം അറിയാതെയാണ് ക്ലാഡിയോ റനിയേരിയുടെ വാട്ഫോർഡിനെ നേരിടാൻ ഒരുങ്ങുന്നത്. ആഴ്സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റയുടെ പരിശീലകൻ ആയുള്ള നൂറാം മത്സരം കൂടിയാണ് ഇത്. ഏറ്റുമുട്ടിയ 11 കളികളിൽ ഒരിക്കൽ പോലും ആഴ്സണലിനെ തോൽപ്പിക്കാൻ ആവാത്ത പരിശീലകൻ കൂടിയാണ് മുൻ ചെൽസി, ലെസ്റ്റർ സിറ്റി പരിശീലകൻ ആയ റനിയേരി. ഒപ്പം ഏറ്റുമുട്ടിയ 14 കളികളിൽ 11 എണ്ണത്തിലും ലീഗിൽ വാട്ഫോർഡിനെ മറികടക്കാൻ ആഴ്സണലിന് ആയിട്ടുണ്ട്. മികച്ച ഫോമിലുള്ള ക്യാപ്റ്റൻ ഒബമയാങിന്റെ പ്രിയപ്പെട്ട എതിരാളികൾ കൂടിയാണ് വാട്ഫോർഡ്. ആഴ്സണലിന്റെ ഗോളിൽ ആരോൻ റാമ്ദ്സ്ഡേലും പ്രതിരോധത്തിൽ ബെൻ വൈറ്റ്, ഗബ്രിയേൽ, ടോമിയാസു, നുനോ ടാവാരസ് എന്നിവരും മികച്ച ഫോമിലാണ്. ടിയേർണിയുടെ അഭാവത്തിൽ ടാവാരസ് ഇടത് ബാക്ക് ആയി മികച്ച പ്രകടനം ആണ് പുറത്ത് എടുക്കുന്നത്.
പ്രതിരോധത്തിലെ ഈ മികവിന് മധ്യനിരയിൽ തോമസ് പാർട്ടി, സാമ്പി ലോക്കോങ്കോ എന്നിവർ വഹിക്കുന്ന പങ്ക് വലുതാണ്. സീസണിൽ ഇത് വരെ 3 ഗോളുകളും 2 അസിസ്റ്റുകളും നൽകി മിന്നും ഫോമിൽ നിൽക്കുന്ന എമിൽ സ്മിത്ത് റോ, ബുകയോ സാക്ക, ക്യാപ്റ്റൻ ഒബമയാങ് എന്നിവർക്ക് ഒപ്പം കഴിഞ്ഞ കളികളിൽ എന്ന പോലെ അലക്സാണ്ടർ ലാകസെറ്റെ ആവും ആഴ്സണൽ ടീമിൽ ഇടം പിടിക്കാൻ സാധ്യത. ഒപ്പം ആവശ്യമെങ്കിൽ ഒഡഗാർടിനെ ടീമിൽ ഉൾപ്പെടുത്താനും ആർട്ടെറ്റ മടിക്കില്ല. എമിറേറ്റ്സിൽ കഴിഞ്ഞ നാലു പ്രീമിയർ ലീഗ് മത്സരത്തിലും ഗോൾ കണ്ടത്തിയ ഒബമയാങ് ആ മികവ് തുടരാൻ ആവും ഇന്നും ശ്രമിക്കുക. ഒപ്പം സ്മിത്ത് റോ, സാക്ക എന്നിവരും വാട്ഫോർഡിനു വലിയ തലവേദന സൃഷ്ടിക്കും. ജയിച്ചാൽ ലീഗിൽ ആഴ്സണൽ ആദ്യ നാലിന് അടുത്ത് എത്തും എന്നതിനാൽ തന്നെ ജയിക്കാൻ ഉറച്ച് ആവും ആർട്ടെറ്റയുടെ ടീം വരിക.
മറുവശത്ത് റനിയേരി പരിശീലകൻ ആയ ശേഷം മൂന്നു കളികളിൽ എവർട്ടണിനെ 5-2 നു അട്ടിമറിച്ചത് ഒഴിച്ചാൽ ബാക്കി രണ്ടു കളികളും വാട്ഫോർഡ് പരാജയപ്പെട്ടു. നിലവിൽ ലീഗിൽ 16 സ്ഥാനത്തുള്ള വാട്ഫോർഡിനു ആഴ്സണലിന് എതിരെ മികവ് കാണിക്കേണ്ടത് അത്യാവശ്യം ആണ്. എമിറേറ്റ്സിൽ ജയിക്കാൻ ആയാൽ 2017 നു ശേഷം ആദ്യമായി ആവും വാട്ഫോർഡ് തുടർച്ചയായി രണ്ടു മത്സരങ്ങൾ പ്രീമിയർ ലീഗിൽ എവേ മൈതാനത്ത് ജയിക്കുന്നത്. ഇസ്മയില സാർ തന്നെയാണ് വാട്ഫോർഡിന്റെ തുറുപ്പ് ചീട്ട്. സാറിന്റെ വേഗതയും മികവും ആഴ്സണലിന് തലവേദന ആയേക്കും. ഗോളടിക്കാനുള്ള ജോഷുവ കിംഗിന്റെ മികവും അവർക്ക് മുതൽക്കൂട്ടാണ്. സിസോക്ക മധ്യനിരയിൽ എങ്ങനെ കളിക്കും എന്നത് വാട്ഫോർഡിനു വളരെ പ്രധാനമാണ്. അതേസമയം കാത്കാർട്ട് അടക്കമുള്ളവർക്ക് ബെൻ ഫോസ്റ്ററിന്റെ വലയിൽ പന്ത് എത്താതെ കാക്കാൻ ആവുമോ എന്നത് തന്നെയാണ് ചോദ്യം. രാത്രി 7.30 നു ആഴ്സണലിന്റെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആണ് ഈ മത്സരം നടക്കുക.