വാശിയേറിയ ലണ്ടൻ ഡാർബിയിൽ വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ആഴ്‌സണൽ ആദ്യ നാലിലെ സ്ഥാനം തിരിച്ചു പിടിച്ചു. യൂറോപ്പ ലീഗ് സെമിഫൈനൽ രണ്ടാം പാദ മത്സരം ലക്ഷ്യമിട്ട് ചില താരങ്ങൾക്ക് വിശ്രമം നൽകിയെങ്കിലും മികച്ച ടീമും ആയാണ് ഡേവിഡ് മോയസിന്റെ ടീം കളിക്കാൻ ഇറങ്ങിയത്. അതേസമയം പരിക്കേറ്റ പ്രതിരോധതാരം ബെൻ വൈറ്റ് ഇല്ലാതെ ഇറങ്ങിയ ആഴ്‌സണൽ ടീമിൽ ടോമിയാസു തിരികയെത്തി. തുടക്കത്തിൽ തന്നെ ഇരു ടീമുകളും നന്നായി ആക്രമിച്ചു കളിക്കുന്നത് ആണ് മത്സരത്തിൽ കണ്ടത്. പന്ത് കൈവശം വക്കുന്നതിൽ ലണ്ടൻ സ്റ്റേഡിയത്തിൽ വെസ്റ്റ് ഹാം അൽപ്പം മികച്ചു നിന്നു എങ്കിലും കൂടുതൽ അവസരങ്ങൾ തുറന്നത് ആഴ്‌സണൽ ആയിരുന്നു.
എങ്കിതയുടെ മികച്ച ശ്രമം ഫാബിയാൻസ്കി കുത്തി അകറ്റിയപ്പോൾ 38 മത്തെ മിനിറ്റിൽ ലഭിച്ച സാകയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ വൈറ്റിന് പകരം ടീമിൽ എത്തിയ റോബ് ഹോൾഡിങ് ആണ് ആഴ്‌സണലിനെ മത്സരത്തിൽ മുന്നിൽ എത്തിച്ചത്. ഹോൾഡിങ് പ്രീമിയർ ലീഗിൽ നേടുന്ന ആദ്യ ഗോൾ ആയിരുന്നു ഇത്. മികച്ച രീതിയിൽ തിരിച്ചടിക്കാൻ ശ്രമിച്ച വെസ്റ്റ് ഹാം ആദ്യ പകുതിക്ക് തൊട്ടു മുമ്പ് സമനില പിടിച്ചു. അതിനു മുമ്പ് റാംമ്സ്ഡേലിന്റെ മികച്ച രക്ഷപ്പെടുത്തലും കാണാൻ ആയി. ഇത്തവണ വ്ലാഡിമർ കൗഫലിന്റെ പാസിൽ നിന്നു മികച്ച ഒരു ഷോട്ടിലൂടെ ജെറോഡ് ബോവൻ ആണ് വെസ്റ്റ് ഹാമിന്റെ ഗോൾ നേടിയത്. ഗബ്രിയേലിന്റെ കാലിൽ തട്ടി ആയിരുന്നു ഇത് റാംമ്സ്ഡേലിനെ മറികടന്നത്. രണ്ടാം പകുതിയിൽ പക്ഷെ ആഴ്‌സണൽ മുൻതൂക്കം തിരിച്ചു പിടിച്ചു.
സാകയുടെ മറ്റൊരു കോർണറിൽ നിന്നു 54 മത്തെ മിനിറ്റിൽ ലഭിച്ച അവസരം മികച്ച ക്രോസിലൂടെ മാർട്ടിനെല്ലി ഗബ്രിയേലിന് മറിച്ചു നൽകി. വെസ്റ്റ് ഹാം പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് മികച്ച ഹെഡറിലൂടെ ഗോൾ കണ്ടത്തിയ ഗബ്രിയേൽ ആഴ്‌സണലിന് രണ്ടാം ഗോൾ സമ്മാനിച്ചു. ഇടക്ക് സാകയുടെ ഷോട്ട് രക്ഷിച്ചു ഫാബിയാൻസ്കി. ഗോൾ വഴങ്ങിയ ശേഷം വെസ്റ്റ് ഹാം കൂടുതൽ നേരം പന്ത് കൈവശം വച്ചപ്പോൾ പ്രത്യാക്രമണത്തിലൂടെ ആഴ്‌സണൽ അവസരങ്ങൾ സൃഷ്ടിച്ചു. എങ്കിതയുടെ മികച്ച ശ്രമങ്ങൾ ഫാബിയാൻസ്കി രക്ഷിച്ചത് വെസ്റ്റ് ഹാമിനെ വലിയ പരാജയത്തിൽ നിന്നു രക്ഷിക്കുക ആയിരുന്നു. ജയത്തോടെ ടോട്ടൻഹാമിനെ മറികടന്നു ആഴ്‌സണൽ നാലാം സ്ഥാനം തിരിച്ചു പിടിച്ചപ്പോൾ വെസ്റ്റ് ഹാം ഏഴാം സ്ഥാനത്ത് തുടരുകയാണ്.