പ്രീമിയർ ലീഗിൽ ചെൽസിയുടെ സ്ഥിരതയില്ലായ്മ തുടരുന്നു. ബോർൺമൗത്തിനു എതിരെ അല്പം ഭാഗ്യം കൊണ്ട് മാത്രം ആണ് ചെൽസി 2-2 ന്റെ സമനില കൊണ്ട് രക്ഷപ്പെട്ടത്. കഴിഞ്ഞ കുറേ മത്സരങ്ങളിൽ എന്ന പോലെ ഗോൾ കീപ്പർ കേപയെ ലംപാർഡ് ഇന്നും കളിക്കാൻ ഇറക്കിയില്ല. കഴിഞ്ഞ കളിയിലും ഗോളും കണ്ടത്തിയ മാർക്കോസ് അലോൺസോയുടെ ഇരട്ടഗോളുകൾ ആണ് ചെൽസിക്ക് മത്സരത്തിൽ സമനില സമ്മാനിച്ചത്.
മത്സരത്തിൽ തുടക്കത്തിൽ ലഭിച്ച അവസരങ്ങൾ ബോർൺമൗത്തിനായി ബില്ലിങ് നഷ്ടമാക്കിയപ്പോൾ 33 മത്തെ മിനിറ്റിൽ ഇടത് കാലൻ അടിയിലൂടെ അലോൺസോ ചെൽസിക്ക് ലീഡ് നൽകി. എന്നാൽ രണ്ടാം പകുതിയിൽ 54 മിനിറ്റിൽ ഫ്രേസറുടെ ക്രോസിൽ ഹെഡറിലൂടെ ഗോൾ കണ്ടത്തിയ ലെമർ ആതിഥേയർക്ക് സമനില സമ്മാനിച്ചു. തുടർന്ന് 3 മിനിറ്റിനുള്ളിൽ വാർ കിങിന്റെ ഗോൾ അനുവദിച്ചപ്പോൾ ചെൽസി അക്ഷരാർത്ഥത്തിൽ ഞെട്ടി. എന്നാൽ ചെൽസിയുടെ സമനില ശ്രമങ്ങൾക്ക് ഫലമായി 85 മിനിറ്റിൽ ഹെഡറിലൂടെ അലോൺസോ ഒരിക്കൽ കൂടി ചെൽസിയുടെ രക്ഷകൻ ആയപ്പോൾ മത്സരം സമനിലയിൽ അവസാനിച്ചു.
73 ശതമാനം പന്ത് കൈവശം വച്ചിട്ടും 23 ഷോട്ടുകൾ ഉതിർത്തിട്ടും 3 പോയിന്റുകൾ നേടാൻ ആവാത്തത് ചെൽസിക്ക് നിരാശ പകരും. അതേസമയം ജയിക്കാവുന്ന മത്സരം കയ്യിൽ നിന്ന് നഷ്ടപ്പെട്ട നിരാശയിൽ ആവും എഡി ഹൗ. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ ഒരു കളി കൂടുതൽ കളിച്ച ചെൽസി അവരെക്കാൾ 4 പോയിന്റുകൾ മാത്രം മുന്നിൽ നാലാം സ്ഥാനത്ത് ആണ്. ബോർൺമൗത്ത് ആവട്ടെ തരം താഴ്‌ത്തലിൽ നിന്ന് 4 പോയിന്റുകൾ മുകളിൽ 15 സ്ഥാനത്തും.