പോളിഷ് യുവതാരം ക്രിസ്റ്റോഫ് പിയാൻറ്റെക് മിലാനിലേക്ക്. മിലൻറെ സൂപ്പർ താരം ഹിഗ്വെയിൻ ലണ്ടനിലേക്ക് തിരിച്ചതിന്റെ പിന്നാലെയാണ് യുവതാരം മിലാനിൽ എത്തിയത്. ഇറ്റാലിയൻ ടീമായ ജെനോവയുടെ താരമാണ് പിയാൻറ്റെക്. ജെനോവയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് യുവതാരം നടത്തുന്നത്. 21 മത്സരങ്ങളിൽ നിന്നും 19 ഗോളുകൾ നേടാൻ യുവതാരത്തിനു കഴിഞ്ഞു.
പോളണ്ടിന്റെ യൂത്ത് ടീമുകളിൽ കളിച്ചുയർന്ന ക്രിസ്റ്റോഫ് പിയാൻറ്റെക് പോളണ്ട് ദേശീയ ടീമിന് വേണ്ടി രണ്ടു മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. യുവേഫ നേഷൻസ് ലീഗിൽ പോർചുഗലിനെതിരായ മത്സരത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. മത്സരത്തിൽ പോളണ്ട് 3–2 പരാജയപ്പെട്ടെങ്കിലും മത്സരത്തിലെ ഓപ്പണിങ് ഗോൾ നേടാൻ താരത്തിനായി.
35 മില്യൺ നൽകിയാണ് താരത്തിനെ മിലാൻ സ്വന്തമാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സീരി എ യിൽ നിരവധി റെക്കോർഡുകൾ സ്വന്തം പേരിലാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സീരി എ യിലെ ആദ്യ ഏഴുമത്സരങ്ങളിലും ഗോളടിച്ച് ഗബ്രിയേൽ ബാറ്റിസ്റ്റുട്ടയുടെ റെക്കോർഡ് സ്വന്തം പേരിലാക്കിയത് അവയിലൊന്ന് മാത്രം.