റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി പി.എഫ്.സി കേരള തങ്ങളുടെ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി. ഈ വിജയത്തോടെ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്നും 9 പോയിന്റുമായി പി.എഫ്.സി കേരള പോയിന്റ് പട്ടികയിൽ മുന്നിൽ നിൽക്കുകയാണ്.

ടി.എം.കെ അരീനയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ശ്രീക്കുട്ടൻ ആണ് കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. കോവളം എഫ്.സിയെയും കേരള യുണൈറ്റഡിനെയും ആദ്യ മത്സരങ്ങളിൽ പരാജയപ്പെടുത്തിയ പി.എഫ്.സി നിലവിൽ ടൂർണമെന്റിലെ ഏറ്റവും കരുത്തരായ ടീമായി മാറിയിരിക്കുകയാണ്.
തുടർച്ചയായ രണ്ടാം തോൽവിയോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ യോഗ്യതാ പ്രതീക്ഷകൾ പ്രതിസന്ധിയിലായി. ആദ്യ മത്സരത്തിൽ കോവളം എഫ്.സിക്കെതിരെ അഞ്ച് ഗോളിന്റെ തകർപ്പൻ വിജയം നേടിയ ബ്ലാസ്റ്റേഴ്സിന്, പിന്നീട് റിയൽ മലബാറിനോടും ഇപ്പോൾ പി.എഫ്.സിയോടും ഏറ്റ തോൽവികൾ വലിയ തിരിച്ചടിയായി. ഡിസംബർ 30-ന് നടക്കുന്ന അടുത്ത മത്സരത്തിൽ പി.എഫ്.സി കേരള സായി കൊല്ലത്തെ നേരിടും. അതേസമയം, പ്രതീക്ഷ കാക്കണം എങ്കിൽ ബ്ലാസ്റ്റേഴ്സിന് ഡിസംബർ 30-ന് കേരള യുണൈറ്റഡിനെതിരെ നടക്കുന്ന മത്സരം വിജയിച്ചേ തീരൂ.









