സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ആദ്യ അങ്കം വമ്പൻ വിജയത്തിൽ കലാശിച്ചു. കേരളം രാജസ്ഥാനെ ഇന്ന് എതിരില്ലാത്ത അഞ്ചു ഗോളിന് ആണ് തോൽപ്പിച്ചത്. പയ്യനാട് സ്റ്റേഡിയത്തിൽ നിറഞ്ഞ കാണികൾക്ക് മുന്നിൽ കളിക്കാൻ ഇറങ്ങിയ കേരളം മികച്ച രീതിയിൽ തന്നെയാണ് തുടങ്ങിയത്. ആറാം മിനുട്ടിൽ ലഭിച്ച ഒരു ഫ്രീകിക്കിലൂടെ കേരളം ലീഡ് എടുത്തു. ഫ്രീകിക്ക് എടുക്കാൻ മുന്നോട്ട് വന്ന ജിജോ ജോസഫ് ആരെയും നിരാശപ്പെടുത്തിയില്ല. ജിജോയുടെ ഫ്രീകിക്ക് രാജസ്ഥാൻ കീപ്പർക്ക് നോക്കി നിൽക്കാനെ ആയുള്ളൂ.
ഈ ഗോളിന് ശേഷവും കേരളം തന്നെയാണ് കളി നിയന്ത്രിച്ചത്. ഷഹീദിന്റെ ഒരു ഷോട്ട് സൈഡ് നെറ്റ് ആവുന്നത് കണ്ടു. ജിജോയുടെ ഒരു ഹെഡറും ഗോൾ പ്രതീക്ഷ നൽകി പുറത്ത് പോയി. യുവരാജ് സിങിലൂടെ 29ആം മിനുട്ടിൽ രാജസ്ഥാന് ഒരു ഗോൾ അവസരം ലഭിച്ചു എങ്കിലും അവർ അത് തുലച്ചു.
32ആം മിനുട്ടിൽ കേരളത്തിന്റെ വിക്നേഷിന്റെ ഇടം കാലൻ ഷോട്ട് രാജസ്ഥാൻ കീപ്പർ സേവ് ചെയ്ത് കൊണ്ട് കളി 1-0ൽ നിർത്തി. എങ്കിലും അധികം വൈകാതെ കേരളം രണ്ടാം ഗോൾ കണ്ടെത്തി. പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് നിജോ ഗിൽബേർട്ട് തൊടുത്ത കണ്ണഞ്ചിപ്പിക്കുന്ന ഷോട്ട് ഗോൽ പോസ്റ്റിനകത്ത് തന്നെ എത്തി.
രണ്ടാം പകുതിയിലും കേരളം അറ്റാക്ക് തുടർന്നു. 58ആം മിനുട്ടിൽ കേരള ക്യാപ്റ്റന്റെ രണ്ടാം ഗോൾ. ഇടതുവിങ്ങിൽ നിന്ന് കയറി വന്ന ഷഹീം കൊടുത്ത ത്രൂ പാസ് സ്വീകരിച്ച ജിജോ ജോസഫ് തന്റെ രണ്ടാം ഗോൾ നേടി. കേരളം 3 ഗോളിന് മുന്നിൽ.
നാല ഗോൾ വരാൻ അധികം സമയം എടുത്തില്ല. ജിജോ മധ്യനിരയിൽ നിന്ന് തുടങ്ങിയ അറ്റാക്ക് വലതു വിങ്ങിലേക്ക് വന്ന സോയലിലേക്ക് എത്തി. സോയൽ ജോഷി നൽകിയ ലോ ക്രോസ് വലയിൽ എത്തിച്ച് ജിജോ തന്റെ ഹാട്രിക്ക് പൂർത്തിയാക്കി. കേരളം നാലു ഗോളിന് മുന്നിൽ. 82ആം മിനുട്ടിൽ രാജസ്ഥാൻ കീപ്പറുടെ പിഴവ് മുതലെടുത്ത് അജയ് അലക്സും ഗോൾ നേടിയതോടെ ജയം അഞ്ച് ഗോളിനായി.
ഇനി ഏപ്രിൽ 18ന് വെസ്റ്റ് ബംഗാളിന് എതിരെയാണ് കേരളത്തിന്റെ പോരാട്ടം.