മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പകവീട്ടാമെന്ന് കരുതി കാത്തിരുന്ന പി എസ് ജിക്ക് വീണ്ടും സ്വന്തം നാട്ടിൽ ഇംഗ്ലണ്ടിലെ ചെമ്പടയ്ക്ക് മുന്നിൽ പരാജയം. ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ 3 പോയിന്റുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മടങ്ങുന്നത്. പി എസ് ജിയുടെ സൂപ്പർ താരങ്ങളെ പിടിച്ചു കെട്ടിയ ടാക്ടിക്സിലൂടെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് സോൾഷ്യാറും സംഘവും നേടിയത്.
ഒരുപാട് മാറ്റങ്ങളുമായായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങിയത്. മഗ്വയറില്ലാത്ത ഡിഫൻസിൽ ടുവൻസബെയെ അണിനിരത്തി മൂന്ന് സെന്റർ ബാക്കും രണ്ട് വിങ്ബാക്കുമായി ആദ്യ ഇറങ്ങി. പി എസ് ജിയെ ആദ്യ പകുതിയിൽ പിടിച്ചു കെട്ടാൻ ആ തന്ത്രത്തിനായി. 23ആം മിനുട്ടിൽ മാർഷ്യൽ ഒരു പെനാൾട്ടി നേടിയപ്പോൾ പി എസ് ജിക്ക് ആദ്യ പ്രഹരം ഏറ്റു. ബ്രൂണൊ ഫെർണാണ്ടസ് ആദ്യം എടുത്ത പെനാൾട്ട് നെവസ് തടുത്തു എങ്കിലും വാർ പെനാൾട്ടി വീണ്ടും എടുപ്പിച്ചു. അപ്പോൾ ബ്രൂണോയ്ക്ക് ലക്ഷ്യം പിഴച്ചില്ല. യുണൈറ്റഡ് പാരീസിൽ ഒരു ഗോളിന് മുന്നിൽ.
അതിനു ശേഷവും മുമ്പുമായി രണ്ട് ടീമുകളും ഇരു പോസ്റ്റിലും അവസരങ്ങൾ സൃഷ്ടിച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡി ഹിയ ലോകോത്തര സേവുകളുമായി തന്റെ യഥാർത്ഥ ഫോമിലേക്ക് ഉയർന്നു. മറുവശത്ത് നെവസും ഒട്ടും മോശമായില്ല. രണ്ടാം പകുതിയിൽ മാറ്റങ്ങളുമായാണ് പി എസ് ജി ഇറങ്ങിയത്. മോയിസെ കീനിനെ ഇറക്കിയതോടെ യുണൈറ്റഡിന്റെ ടാക്ടിക്സ് തകരാൻ തുടങ്ങി.
തുടരെ തുടരെ ആക്രമണങ്ങളുമായി നെയ്മറും എമ്പപ്പെയും യുണൈറ്റഡിനെ വിറപ്പിച്ചു. 55ആം മിനുട്ടിൽ നെയ്മർ എടുത്ത ഒരു കോർണറിൽ നിന്ന് മാർഷ്യലിന്റെ സെൽഫ് ഗോൾ വഴി പി എസ് ജി യുണൈറ്റഡിനൊപ്പം. ആപത്ത് തിരിച്ചറിഞ്ഞ ഒലെ വീണ്ടും ടാക്ടിക്സ് മാറ്റി. ടെല്ലസിന്റെ പിൻവലിച്ച് പോഗ്ബയെ ഇറക്കി. യുണൈറ്റഡ് ഡിഫൻസീവ് 4ലേക്ക് മാറി. ഒപ്പം മിഡ്ഫീൽഡിന്റെ നിയന്ത്രണവും ഏറ്റെടുത്തു.
പിന്നെ പി എസ് ജിയെ വരുതിയിൽ നിർത്തി തുടർ ആക്രമണങ്ങൾ. മാർഷ്യലും റാഷ്ഫോർഡും ബ്രൂണോയുമല്ലാം ഗോൾ മുഖത്ത് എത്തി. അവസാനം 86ആം മിനുട്ടിൽ യുണൈറ്റഡ് ആഗ്രഹിച്ച ഗോൾ എത്തി. മാർക്കസ് റാഷ്ഫോർഡിന്റെ ഫിനിഷ് നെവസിനെയും കടന്ന വലയിൽ. രണ്ട് വർഷം മുമ്പുള്ള അതേ നിമിഷത്തിന്റെ ഓർമ്മ യുണൈറ്റഡ് ആരാധകരിൽ എത്തിക്കാണും. അന്നും ഒരു റാഷ്ഫോർഡ് ഗോൾ ആയിരുന്നു യുണൈറ്റഡിനെ വിജയിപ്പിച്ചത്.
ഈ വിജയം യുണൈറ്റഡിന് അവരുടെ ആത്മവിശ്വാസം തിരികെ നൽകും. ടുവൻസബെ, ഫ്രെഡ്, മക്ടോമിനെ, വാൻ ബിസാക എന്ന് തുടങ്ങി യുണൈറ്റഡ് നിരയിൽ എല്ലാവരും ഒരുപോലെ തിളങ്ങിയത് സോൾഷ്യാറിനും സന്തോഷം നൽകും. ഈ വിജയത്തോടെ ചാമ്പ്യൻസ് ലീഗിലെ മരണ ഗ്രൂപ്പിൽ യുണൈറ്റഡിന് ചെറിയ മുൻ തൂക്കവും ലഭിക്കും.