ടി20 ലോകകപ്പിൽ പാകിസ്താൻ സെമി ഫൈനൽ ഉറപ്പിച്ചു. നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ 5 വിക്കറ്റിനു തോൽപ്പിച്ച് ആണ് പാകിസ്താൻ സെമിയിലേക്ക് എത്തിയേക്ക്. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ നെതർലന്റ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചത് ആണ് പാകിസ്താന് സെമിയിലേക്ക് വഴി തെളിച്ചത്. 5 മത്സരങ്ങളിൽ നിന്ന് പാകിസ്താന് 6 പോയിന്റായി. ഇന്ത്യ സിംബാബ്‌വെ മത്സരത്തിനു ശേഷം മാത്രമെ പാകിസ്താൻ സെമിയിൽ ആരെ നേരിടും എന്ന് വ്യക്തമാവുകയുള്ളൂ.
ബംഗ്ലാദേശ് ഉയർത്തിയ 128 റൺസ് എന്ന വിജയ ലക്ഷ്യം പാകിസ്താൻ അനായാസം മറികടക്കും എന്നാണ് ഏവരും കരുതിയത് എങ്കിലും കാര്യങ്ങൾ എളുപ്പമായില്ല. ഓപ്പണർമാരായ ബാബറും റിസുവാനും മെല്ലെ തുടങ്ങിയത് പാകിസ്താന് പതിയെ സമ്മർദ്ദം നൽകി. ആദ്യ വിക്കറ്റിൽ അവർ 57 റൺസ് എടുത്തു എങ്കിലും അപ്പോഴേക്ക് 10 ഓവർ കഴിഞ്ഞിരുന്നു. ബാബർ 33 പന്തിൽ നിന്ന് 25 റൺസ് എടുത്തും റിസുവാൻ 32 പന്തിൽ 32 എടുത്തും ചെറിയ ഇടവേളക്ക് ഇടയിൽ പുറത്തായതോടെ പാകിസ്താൻ സമ്മർദ്ദത്തിൽ ആയി.
എന്നാൽ പതിയ ഹാരിസ് അടിച്ചു തുടങ്ങിയതോടെ സമ്മർദ്ദം കുറഞ്ഞു. ഇതിനിടയിൽ മുഹമ്മദ് നവാസ് 4 റൺസുമായി റണ്ണൗട്ട് ആയി. എങ്കിലും ഹാരിസ് തന്റെ ഇന്നിങ്സ് തുടർന്നു. ഹാരിസ് 17 പന്തിൽ നിന്ന് 31ഉം മസൂദ് 14 പന്തിൽ 24 റൺസും എടുത്ത് ജയത്തിലേക്ക് നയിച്ചു
ഇന്ന് ആദ്യ ബാറ്റു ചെയ്ത ബംഗ്ലാദേശിന് 20 ഓവറിൽ 127 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ. 4 വിക്കറ്റ് എടുത്ത ഷഹീൻ അഫ്രീദിയുടെ പ്രകടനമാണ് പാകിസ്താന് കരുത്തായത്.
ഓപ്പണർ ഷാന്റോ 54 റൺസ് എടുത്ത് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ ആയി. പക്ഷെ ഷാന്റോയുടെ വേഗത കുറഞ്ഞ ബാറ്റിങും ബംഗ്ലാദേശിന് സഹായമായില്ല. ലിറ്റൺ ദാസ് 10 റൺസ് എടുത്ത് തുടക്കത്തിൽ തന്നെ പുറത്തായത് ബംഗ്ലാദേശിന് വലിയ തിരിച്ചടിയായി. സൗമ്യ സർകാർ 20 റൺസ് എടുത്തപ്പോൾ ക്യാപ്റ്റൻ ഷാകിബ് ഡക്കിൽ ഔട്ട് ആയി.
ഷഹീൻ അഫ്രീദി നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റ് എടുത്തത്. ഷദബ് 2 വിക്കറ്റും ഇഫ്തിഖാർ ഒരു വിക്കറ്റും വീഴ്ത്തി.