പവര്‍പ്ലേയിൽ പതറി‍യെങ്കിലും അവസാന പത്തോവറിൽ അടിച്ച് തകര്‍ത്ത് പാക്കിസ്ഥാന്‍

നമീബിയയ്ക്കെതിരെ പവര്‍പ്ലേയിൽ പതറിയെങ്കിലും അവസാന മൂന്നോവറിൽ 51 റൺസും അവസാന പത്തോവറിൽ നിന്ന് 130 റൺസ് നേടിയ പാക്കിസ്ഥാന്‍ 189/2 എന്ന സ്കോര്‍ നേടി. തുടക്കത്തിൽ ബാബര്‍ അസമിനെയും മുഹമ്മദ് റിസ്വാനെയും പിടിച്ചുകെട്ടുവാന്‍ നമീബിയന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചപ്പോള്‍ ആദ്യ 6 ഓവറിൽ പിറന്നത് 29 റൺസ് മാത്രമായിരുന്നു.

എന്നാൽ പതിയെ റണ്ണൊഴുകുവാന്‍ തുടങ്ങിയപ്പോള്‍ 113 റൺസാണ് ഓപ്പണര്‍മാര്‍ നേടിയത്. ബാബര്‍ 49 പന്തിൽ 70 റൺസ് നേടി പുറത്തായപ്പോള്‍ മുഹമ്മദ് റിസ്വാന്‍ 50 പന്തിൽ പുറത്താകാതെ 79 റൺസ് നേടി. ഫകര്‍ സമന്‍ (5) ആണ് പുറത്തായ മറ്റൊരു താരം.

മൂന്നാം വിക്കറ്റിൽ 26 പന്തിൽ 67 റൺസാണ് റിസ്വാനും മുഹമ്മദ് ഹഫീസും ചേര്‍ന്ന് നേടിയത്. ഹഫീസ് 16 പന്തിൽ നിന്ന് 32 റൺസാണ് നേടിയത്. ആദ്യ പത്തോവര്‍ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 59 റൺസാണ് പാക്കിസ്ഥാന്‍ നേടിയത്. പിന്നീട് ടോപ് ഗിയറിലേക്ക് മാറിയ ടീം നമീബിയന്‍ ബൗളര്‍മാരെ അതിര്‍ത്തി കടത്തുന്നത് പതിവ് കാഴ്ചയായി മാറി.