വനിത ഏകദിന ലോകകപ്പിൽ പരാജയം ഏറ്റുവാങ്ങി പാക്കിസ്ഥാൻ. ഇന്ന് പാക്കിസ്ഥാൻ തങ്ങളുടെ നാലാം മത്സരത്തിലാണ് തോൽവിയേറ്റ് വാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 234/7 എന്ന സ്കോർ നേടിയപ്പോൾ പാക്കിസ്ഥാന് 9 വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് മാത്രമേ നേടാനായുള്ളു. 9 റൺസിന്റെ വിജയം ആണ് ബംഗ്ലാദേശ് നേടിയത്.
ഒരു ഘട്ടത്തിൽ 183/2 എന്ന നിലയിൽ വിജയത്തിലേക്ക് ഉറപ്പായും നീങ്ങുമെന്ന് കരുതിയ പാക്കിസ്ഥാന് 5 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റാണ് നഷ്ടമായത്. 188/7 എന്ന നിലയിലേക്ക് വീണ പാക്കിസ്ഥാൻ പിന്നീട് കരയറാനാകാതെ ബുദ്ധിമുട്ടുകയായിരുന്നു.
സിദ്ര അമീൻ 104 റൺസ് നേടിയെങ്കിലും താരം 48ാം ഓവറിൽ റണ്ണൗട്ടായതോടെ പാക്കിസ്ഥാന്റെ പ്രതീക്ഷകൾ അസ്തമിച്ചു. ഓപ്പണർ നാഹിദ ഖാന് 43 റൺസും ബിസ്മ മാറൂഫ് 31 റൺസും നേടിയതൊഴിച്ചാൽ മറ്റാർക്കും കാര്യമായ സംഭാവന നൽകാനായില്ല.
ഫാത്തിമ ഖാത്തുൻ മൂന്നും റുമാന അഹമ്മദ് രണ്ടും വിക്കറ്റ് നേടിയാണ് പാക്കിസ്ഥാന്റെ നടുവൊടിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വേണ്ടി ഫര്‍ഗാന ഹോക്ക്(71), ഷര്‍മിന്‍ അക്തർ(44), നിഗാർ സുൽത്താന(46) എന്നിവരാണ് തിളങ്ങിയത്. പാക് ബൗളിംഗ് നിരയിൽ നശ്ര സന്ധു 3 വിക്കറ്റ് നേടി.