ജംഷദ്പൂർ ഫയറാണ്!! ഓവൻ കോയ്ലും ജംഷദ്പൂരും ഈ കിരീടം അർഹിക്കുന്നു!!

ഈ സീസൺ ആരംഭിക്കുമ്പോൾ അധികം ആരും ലീഗ് ഷീൽഡ് നേടും എന്ന് പ്രവചിക്കാതിരുന്ന ടീമായിരുന്നു ജംഷദ്പൂർ‌‌. എന്നാൽ ലീഗിലെ അവസാന മത്സരം ഇന്ന് കഴിയുമ്പോൾ ജംഷദ്പൂരിനെക്കാൾ കരുത്തരായി ആരും ഇല്ല എന്ന് എല്ലാവരും പറയും. അത്രയ്ക്ക് ഗംഭീരമായാണ് ഓവൻ കോയ്ലും ജംഷദ്പൂരും സീസൺ അവസാനിപ്പിച്ചത്‌. 20 മത്സരങ്ങളിൽ നിന്ന് 43 പോയിന്റ് നേടി ഒന്നാം സ്ഥാനത്ത്. ലീഗിലെ അവസാന ഏഴ് മത്സരങ്ങളും വിജയിച്ച് കൊണ്ടായിരുന്നു ഷീൽഡിൽ ജംഷദ്പൂർ മുത്തമിട്ടത്.
20220307 220229
ലീഗിൽ അവസാന 11 മത്സരങ്ങളിൽ 10ഉം ഓവൻ കോയ്ലിന്റെ ടീം വിജയിച്ചിരുന്നു‌. അധികം വലിയ താരങ്ങൾ ഒന്നും പേരിനില്ലാതെ തുടങ്ങിയ ജംഷദ്പൂർ ഒരുപാട് സൂപ്പർ സ്റ്റാറുകളെ സൃഷ്ടിക്കുന്നതാണ് സീസണിൽ ഉടനീളം കണ്ടത്‌. ഗ്രെഗ് സ്റ്റുവർട്ട് ആണ് ജംഷദ്പൂരിന്റെ ഏറ്റവും മികച്ച താരമായത് എങ്കിലും ഇന്നത്തെ ഹീറോ റിത്വിക് ദാസിനെ പോലെ ഓവൻ കോയ്ല് സ്റ്റാറാകി മാറ്റിയ ഒരുപാട് പേർ ഈ ടീമിൽ ഉണ്ട്.

ജനുവരി സൈനിംഗായി എത്തി ചിമ കാണിച്ച അത്ഭുതങ്ങൾ ഓവൻ കോയ്ലിന്റെ മികവ് കാണിക്കുന്നു. ഈസ്റ്റ് ബംഗാളിൽ അമ്പേ പരാജയമായതിന് ടീമിൽ നിന്ന് പുറത്തായ താരമായിരുന്നു ചിമ. ഇവിടെ 7 ഗോളുകൾ എട്ടു മത്സരങ്ങളിൽ നിന്ന് നേടാൻ ചിമക്ക് ആയി.

ഇനി സെമി ഫൈനലിനായി ഇറങ്ങുമ്പോൾ ജംഷദ്പൂർ തന്നെയാകും ലീഗ് കിരീടത്തിനായുള്ള ഫേവറിറ്റുകൾ‌. എന്നാൽ ഇവാ വുകമാനോവിച് ജംഷദ്പൂരിനെ വീഴ്ത്താൻ ആകും എന്ന് ഉറപ്പിച്ചാകും സെമിയിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ ഒരുക്കുന്നത്.