ഇറ്റാലിയൻ സീരി എയിൽ നാപോളി പടയോട്ടം തുടരുന്നു. സസുവോളയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്ത അവർ ലീഗിൽ രണ്ടാമതുള്ള എ.സി മിലാനെക്കാൾ 6 പോയിന്റുകൾ മുന്നിൽ ഒന്നാമത് തുടരുകയാണ്. അതേസമയം ഒമ്പതാം സ്ഥാനത്ത് ആണ് സസുവോള. കരിയറിലെ ആദ്യ ഹാട്രിക് നേടിയ നൈജീരിയൻ സൂപ്പർ താരം വിക്ടർ ഒസിമൻ ആണ് നാപോളിക്ക് വലിയ ജയം സമ്മാനിച്ചത്. മത്സരത്തിൽ നാലാം മിനിറ്റിൽ തന്നെ നാപോളി മുന്നിലെത്തി. നാപോളിയുടെ പുതിയ താരോദയം ജോർജിയൻ താരം ക്വിച്ച ക്വരറ്റ്സ്കേലിയയുടെ പാസിൽ നിന്നു ഒസിമൻ ഗോൾ കണ്ടത്തുക ആയിരുന്നു. 19 മത്തെ മിനിറ്റിൽ ഒരിക്കൽ കൂടി ക്വിച്ചയുടെ പാസിൽ നിന്നു ഒസിമൻ ഗോൾ നേടിയതോടെ നാപോളി മത്സരത്തിൽ പൂർണ ആധിപത്യം കണ്ടത്തി.
36 മത്തെ മിനിറ്റിൽ മരിയോ റൂയിയുടെ കോർണറിൽ നിന്നു നാപോളിക്ക് മൂന്നാം ഗോൾ ക്വിച്ച സമ്മാനിച്ചു. ജോർജിയൻ മറഡോണ എന്നും ക്വരഡോണ എന്നും ആരാധകർ വിളിക്കുന്ന ക്വിച്ചയുടെ മാസ്റ്റർ ക്ലാസ് ആണ് ആദ്യ പകുതിയിൽ കാണാൻ ആയത്. ഇടക്ക് സസുവോള അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും നാപോളി പ്രതിരോധം കുലുങ്ങിയില്ല. രണ്ടാം പകുതിയിൽ 77 മത്തെ മിനിറ്റിൽ ഗോൾ കണ്ടത്തിയ ഒസിമൻ തന്റെ ഹാട്രിക് പൂർത്തിയാക്കി നാപോളിയുടെ വലിയ ജയം പൂർത്തിയാക്കുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടു അർമണ്ട് ലോറിന്റെ പുറത്ത് പോയതോടെ പത്ത് പേരായി ആണ് സസുവോള മത്സരം പൂർത്തിയാക്കിയത്. മറഡോണ യുഗത്തിന് ശേഷം സീരി എ കിരീടം നാപോളിയിൽ എത്തിക്കും എന്ന സൂചനകൾ തന്നെയാണ് ഈ ടീം ഇത് വരെ നൽകുന്നത്.