ശ്രീലങ്കയുടെ കഥ കഴിച്ച് ഇന്ത്യന്‍ ഓപ്പണര്‍മാര്‍, രോഹിത്തിനും രാഹുലിനും ശതകം, 7 വിക്കറ്റ് ജയം 39 പന്ത് അവശേഷിക്കെ

ആഞ്ചലോ മാത്യൂസ്(113) നേടിയ ശതകത്തിന്റെ ബലത്തില്‍ ഇന്ത്യയ്ക്കെതിരെ 264/7 എന്ന സ്കോര്‍ നേടിയ ശ്രീലങ്കയ്ക്കെതിരെ അനായാസ വിജയം നേടി ഇന്ത്യ. ഇന്നത്തെ ഇരു ടീമുകളുടെയും അവസാന ഘട്ട ഗ്രൂപ്പ് മത്സരത്തില്‍ 265 റണ്‍സ് വിജയ ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ഇന്ത്യ വെറും 3 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ലോകേഷ് രാഹുലും നേടിയ ശതകങ്ങളാണ് ഇന്ത്യയുടെ വിജയം എളുപ്പത്തിലാക്കിയത്. 43.3 ഓവറിലാണ് ഇന്ത്യയുടെ വിജയം.

രോഹിത് ശര്‍മ്മയും ലോകേഷ് രാഹുലും ചേര്‍ന്ന് 189 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്. കസുന്‍ രജിതയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ രോഹിത് 103 റണ്‍സാണ് നേടിയത്. ടൂര്‍ണ്ണമെന്റിലെ തന്റെ അഞ്ചാമത്തെ ശതകവും തുടര്‍ച്ചയായ മൂന്നാമത്തെ ശതകവുമാണ് രോഹിത് നേടിയത്. രോഹിത് പുറത്തായ ശേഷം രാഹുല്‍ തന്റെ ശതകവും വിരാട് കോഹ്‍ലിയുമായി ചേര്‍ന്ന് ഇന്ത്യന്‍ വിജയത്തിിനോടടുത്തെത്തിച്ചുവെങ്കിലും ലസിത് മലിംഗ രാഹുലിനെ പുറത്താക്കി.

ലോകേഷ് രാഹുല്‍ 111 റണ്‍സും വിരാട് കോഹ്‍ലി പുറത്താകാതെ 34 റണ്‍സുമാണ് ഇന്നത്തെ മത്സരത്തില്‍ നേടിയത്.