ഒളിമ്പിക്‌സിൽ വനിത ഫുട്‌ബോളിൽ സ്വർണ മെഡലിനായുള്ള പോരാട്ടം സ്വീഡനും കാനഡയും തമ്മിൽ. ഇന്ന് നടന്ന രണ്ടാം സെമിയിൽ ഓസ്‌ട്രേലിയയെ എതിരില്ലാത്ത ഒരു ഗോളിന് ആണ് എല്ലാരും സ്വർണം നേടും എന്നു കരുതുന്ന സ്വീഡൻ തോൽപ്പിച്ചത്. ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ തുറന്ന ഓസ്‌ട്രേലിയ സ്വീഡനെ പരീക്ഷിച്ചു. എന്നാൽ ഗോൾ വഴങ്ങാൻ സ്വീഡിഷ് പ്രതിരോധം തയാറായില്ല. അവസാന നിമിഷങ്ങളിൽ വലിയ ഓസ്‌ട്രേലിയൻ ആക്രമണവും ആദ്യ പകുതിയിൽ കണ്ടു
രണ്ടാം പകുതി തുടങ്ങി ഒന്നാം മിനിറ്റിൽ തന്നെ ഗോൾ കണ്ടത്തിയ ബാഴ്‌സലോണ താരം ഫ്രിഡോലിന റോൾഫോ സ്വീഡന് മുൻതൂക്കം നൽകുക ആയിരുന്നു. ഓസ്‌ട്രേലിയൻ ബോക്‌സിൽ ഉണ്ടായ കൂട്ടപ്പൊരിച്ചിലിനു ഇടയിൽ ലഭിച്ച അവസരം ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു സ്വീഡിഷ് താരം. തുടർന്ന് സമനില നേടാൻ ഓസ്‌ട്രേലിയ ശ്രമിച്ചു എങ്കിലും സ്വീഡൻ വഴങ്ങിയില്ല. ഇതോടെ സ്വർണ മെഡൽ പോരാട്ടത്തിൽ സ്വീഡൻ അപ്രതീക്ഷിതമായി ഫൈനലിൽ എത്തിയ കാനഡയെ നേരിടുമ്പോൾ വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ അമേരിക്കയും ഓസ്‌ട്രേലിയയും നേർക്കുനേർ വരും. അപ്രതീക്ഷിത സ്വർണ മെഡൽ കാനഡ ലക്ഷ്യം വക്കുമ്പോൾ സ്വീഡന്റെ ലക്ഷ്യവും മറ്റൊന്നല്ല.