ഒളിമ്പിക്സിൽ വനിത ഫുട്‌ബോളിൽ ലോക ജേതാക്കൾ ആയ അമേരിക്കയെ സെമിഫൈനലിൽ തോൽപ്പിച്ചു കാനഡ ഫൈനലിൽ. ചരിത്രത്തിൽ ആദ്യമായാണ് കാനഡ ഒളിമ്പിക് ഫുട്‌ബോൾ ഫൈനലിലേക്ക് മുന്നേറുന്നത്. ഒളിമ്പിക്സിൽ തങ്ങളുടെ ദീർഘകാലത്തെ അപരാജിത കുതിപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ സ്വീഡന് മുന്നിൽ അവസാനിച്ച അമേരിക്ക ഡച്ചു ടീമിനെ പെനാൽട്ടിയിൽ മറികടന്നായിരുന്നു സെമിയിൽ എത്തിയത്. ഇതോടെ വനിത ഫുട്‌ബോളിലെ വലിയ ശക്തിയായ അമേരിക്ക തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും സ്വർണം നേടില്ല എന്നുറപ്പായി.
മത്സരത്തിലെ 75 മത്തെ മിനിറ്റിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ജെസി ഫ്ലെമിംഗ് ആണ് കാനഡക്ക് 1-0 ന്റെ ചരിത്ര ജയം സമ്മാനിച്ചത്. അമേരിക്കൻ താരങ്ങളെ ശാരീരികമായി നേരിട്ട കാനഡ പലപ്പോഴും പരുക്കൻ കളിയാണ് പുറത്ത് എടുത്തത്. 75 മത്തെ മിനിറ്റിൽ കനേഡിയൻ താരം ഡിയാൻ റോസിനെ ബോക്‌സിൽ വീഴ്ത്തിയ ടിയേർണ ഡേവിഡ്സൻ ആണ് പെനാൽട്ടി വഴങ്ങിയത്. വാറിലൂടെയാണ് കാനഡക്ക് പെനാൽട്ടി ലഭിച്ചത്. ക്വാർട്ടർ ഫൈനലിൽ പെനാൽട്ടി രക്ഷിച്ച അമേരിക്കൻ ഗോൾ കീപ്പർ ഫ്രാഞ്ചിനു പക്ഷെ ഇത്തവണ ഒന്നും ചെയ്യാൻ സാധിച്ചില്ല. ഓസ്‌ട്രേലിയ, സ്വീഡൻ മത്സര വിജയികളെ ആണ് കാനഡ സ്വർണ മെഡൽ പോരാട്ടത്തിൽ നേരിടുക.