ഒരു സ്വർണം, രണ്ടു വെള്ളി, നാലു വെങ്കലം! ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഒളിമ്പിക്സ്!

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ചിലപ്പോൾ ഇന്ത്യയുടെ കായിക ചരിത്രം തന്നെ മാറ്റാൻ സാധ്യതയുള്ള ഒരു ഒളിമ്പിക്സ് ആണ് ഇത്. അത് നീരജ് ചോപ്ര എന്ന ഭാരം കുറക്കാൻ വേണ്ടി മാത്രം ജാവലിൻ കയ്യിൽ എടുത്ത 23 കാരൻ ഹരിയാനക്കാരൻ ചരിത്രത്തിൽ ആദ്യമായി അത്ലറ്റിക്സിൽ ഒരു മെഡൽ അതും സ്വർണം കൊണ്ടു വരുമ്പോൾ പ്രതീക്ഷകൾ വാനോളം ആണ്. സാക്ഷാൽ മിൽഖ സിംഗിന്, പി.ടി ഉഷക്ക്, അഞ്ചു ബോബി ജോർജിന് സാധിക്കാത്തത് നീരജിലൂടെ യാഥാർത്ഥ്യം ആയിരിക്കുന്നു. ഉറപ്പായിട്ടും ഇന്ത്യൻ കായിക ചരിത്രം തന്നെ ചിലപ്പോൾ ഇനി മാറിയേക്കാം. കഴിഞ്ഞ വർഷം കായിക ബഡ്ജറ്റിൽ നിന്നു 250 കോടിയിൽ അധികം വെട്ടി കുറച്ചിട്ടും ഇന്ത്യൻ താരങ്ങൾ പലപ്പോഴും വലിയ പ്രതിസന്ധികൾ നേരിട്ടിട്ടും ടോക്കിയോയിൽ നിന്നു കൊണ്ട് വരുന്നത് 7 മെഡലുകൾ ആണ്, ഒന്നു വീതം സ്വർണവും വെള്ളിയും ഒപ്പം 5 വെങ്കലവും. ഇന്ത്യൻ ഒളിമ്പിക് ചരിത്രത്തിലെ എക്കാലത്തെയും മികച്ച നേട്ടം ആയിരിക്കുക ആണ് ഇത്.

ബ്രിട്ടീഷ് ഇന്ത്യക്ക് ആയി ആദ്യമായി പങ്കെടുത്ത 1900 ൽ നോർമൻ പ്രിചാർഡ് അത്ലറ്റിക്സിൽ രണ്ടു വെള്ളി മെഡലുകൾ നേടിയപ്പോൾ ഇന്ത്യ ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഏഷ്യൻ രാജ്യമായാണ് മാറിയത്. തുടർന്ന് 1928, 1932, 1936 കൊല്ലങ്ങളിൽ ഇന്ത്യൻ ഹോക്കിയുടെ സുവർണ തലമുറ സ്വർണം ഇന്ത്യയിൽ എത്തിച്ചു. തുടർന്ന് ലോക മഹായുദ്ധങ്ങൾക്ക് ശേഷം നടന്ന 1948 ൽ ആണ് സ്വതന്ത്ര ഇന്ത്യ ആദ്യമായി പങ്കെടുക്കുന്നത്. അന്ന് ഹോക്കിയിൽ സ്വർണം നിലനിർത്താനും ഇന്ത്യക്ക് ആയി. 1952 ൽ ഹോക്കിക്ക് ഒപ്പം ഗുസ്തിയിൽ കെ.ഡി ജാദവിലൂടെ ഇന്ത്യ ഒരു വെങ്കലവും നേടുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയിൽ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ വ്യക്തിഗത മെഡൽ. 1956 ൽ വീണ്ടും ഹോക്കി സ്വർണം നേടിയ ഇന്ത്യ ഹോക്കിയിൽ 1960 ൽ വെള്ളി മെഡലിൽ ഒതുങ്ങി. 1964 ൽ വീണ്ടും സ്വർണം 1968, 1972 ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീം 1980 ൽ സ്വർണം നേടി. എന്നാൽ അപ്പോഴേക്കും ഇന്ത്യൻ ഹോക്കി അതിന്റെ ഏറ്റവും മോശം യോഗത്തിലേക്ക് കാലെടുത്തു വച്ചിരുന്നു.

തുടർന്ന് 3 ഒളിമ്പിക്സിൽ മെഡൽ ഇല്ലാതിരുന്ന ഇന്ത്യക്ക് 1996 ൽ ടെന്നീസിൽ ലിയാണ്ടർ പേസ് ആണ് ഒരു വെങ്കലം സമ്മാനിക്കുന്നത്. തുടർന്ന് 2000 ത്തിൽ കർണം മല്ലേശ്വരി ഭാരോദ്വഹനത്തിൽ മറ്റൊരു വെങ്കലം ഇന്ത്യക്ക് സമ്മാനിച്ചു. 2004 ൽ ഷൂട്ടിങിൽ ഇന്ത്യയുടെ ആദ്യ മെഡൽ സമ്മാനിച്ച രാജവർധൻ സിംഗ് റാത്തോഡ് വെള്ളി മെഡൽ ആണ് സമ്മാനിച്ചത്. തുടർന്ന് ചരിത്രത്തിൽ ആദ്യമായി ഷൂട്ടിങിലൂടെ ഇന്ത്യക്ക് ഒരു വ്യക്തിഗത സ്വർണം ഒളിമ്പിക്‌സിൽ 2008 ൽ അഭിനവ് ബിന്ദ്ര സമ്മാനിച്ചു. ആ ഒളിമ്പിക്‌സിൽ വിജേന്ദ്രർ സിംഗ് ബോക്സിങിലും സുശീൽ കുമാർ ഗുസ്തിയിലും ഇന്ത്യക്ക് വെങ്കലം നേടിയിരുന്നു. 2012 ലണ്ടൻ ഒളിമ്പിക്സിൽ ആണ് അത് വരെയുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം വരുന്നത്. ഷൂട്ടിങിൽ വിജയ് കുമാറും ഗുസ്തിയിൽ സുശീൽ കുമാർ വെള്ളിയും സമ്മാനിച്ച ഒളിമ്പിക്സിൽ ഇന്ത്യ മൊത്തം 6 മെഡലുകൾ ആണ് നേടിയത്. മേരി കോം ബോക്സിങിലും, സൈന നെഹ്‌വാൾ ബാഡ്മിന്റണിലും, ഗഗൻ നരങ് ഷൂട്ടിങിലും, യോഗേശ്വർ ദത്ത് ഗുസ്തിയിലും ഇന്ത്യക്ക് വെള്ളി മെഡൽ സമ്മാനിച്ചു. വലിയ പ്രതീക്ഷയും ആയി പോയ 2016 റിയോ ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ പി.വി സിന്ധു നേടിയ വെള്ളിയും ഗുസ്തിയിൽ സാക്ഷി മാലിക് നേടിയ വെങ്കലവും മാത്രമായിരുന്നു ഇന്ത്യയുടെ നേട്ടം.

വലിയ സംഘവും ആയി തന്നെയാണ് ഇന്ത്യ ടോക്കിയോയിൽ ഇത്തവണ എത്തിയത്. എന്നാൽ വലിയ പ്രതീക്ഷ വച്ച് പുലർത്തിയ ഷൂട്ടിങിൽ ഇന്ത്യ തീർത്തും നിരാശപ്പെടുത്തിയിട്ടും ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം ആണ് ടോക്കിയോയിൽ നേടിയത്. ജാവലിൻ ത്രോയിൽ ഇന്ത്യക്ക് ചരിത്രത്തിൽ ആദ്യമായി ഒരു ട്രാക്ക് ആന്റ് ഫീൽഡ് സ്വർണം സമ്മാനിച്ച നീരജ് 2008 നു ശേഷം ഇന്ത്യൻ ദേശീയ ഗാനം ഒളിമ്പിക്‌സിന്റെ വലിയ വേദിയിൽ പാടി കേൾപ്പിച്ചു. മീരഭായ്‌ ചാനു ഭാരോദ്വഹനത്തിൽ 2000 ലെ വെങ്കലം വെള്ളിയാക്കി മാറ്റിയപ്പോൾ രവി കുമാർ ദാഹിയ ഗുസ്തിയിൽ വെള്ളി നേടി സുശീൽ കുമാറിന്റെ പിൻഗാമിയായി. ബാഡ്മിന്റണിൽ തുടർച്ചയായ രണ്ടാം ഒളിമ്പിക്സിൽ മെഡൽ നേടിയ പിവി സിന്ധു ഇത്തവണ ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചു. ബോക്സിങിൽ ലോവ്ലിന ബോർഹോഗയിൻ വെങ്കലം സമ്മാനിച്ചപ്പോൾ ഗുസ്തിയിൽ പരിക്കിനെ മറികടന്നും ബജ്‌റങ് പൂനിയ മറ്റൊരു വെങ്കലവും സമ്മാനിച്ചു. ഇതോടൊപ്പം മെഡലിനായുള്ള 41 വർഷത്തെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച ഇന്ത്യൻ പുരുഷ ഹോക്കി ടീമും ഇന്ത്യക്ക് ഒരു വെങ്കലം സമ്മാനിച്ചു. ഇതോടെ മൊത്തം 7 മെഡലുകളും ആയി ഇന്ത്യ നടത്തിയത് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം. മെഡലിനു അടുത്ത് എത്തിയ വനിത ഹോക്കി ടീം മെഡലിനു തൊട്ടരുകിൽ എത്തി ഇന്ത്യക്കാരെ ഗോൾഫ് പഠിപ്പിച്ച അദിതി അശോക് തുടങ്ങിയ അവിസ്മരണീയ കഥകൾ വേറെയും ഉണ്ട് ഇന്ത്യക്ക് ടോക്കിയോയിൽ നിന്നു മടങ്ങുമ്പോൾ പറയാം. ഉറപ്പായിട്ടും അത്ലറ്റിക്സിലും ഹോക്കിയിലും കായിക രംഗത്തും ഒരുപാട് പേരെ കൊണ്ടു വരാനും പ്രചോദനം ആവാനും ഈ പ്രകടനങ്ങൾക്ക് ആവും എന്നും ഒരു ഇന്ത്യൻ കുതിച്ചു ചാട്ടം കായിക രംഗത്ത് കാണാൻ ആവുമെന്നും നമുക്ക് പ്രതീക്ഷിക്കാം.