ഒളിമ്പിക്സ് ബാസ്ക്കറ്റ് ബോളിൽ റെക്കോർഡ് സ്വർണ മെഡൽ ജേതാക്കൾ ആയ അമേരിക്കക്ക് ആദ്യ ഗ്രൂപ്പ് മത്സരത്തിൽ തന്നെ ഞെട്ടിക്കുന്ന തോൽവി. 15 തവണ ഒളിമ്പിക് സ്വർണം നേടിയ അമേരിക്കയെ ഏഴാം റാങ്കുകാർ ആയ ഫ്രാൻസ് നാലാം ക്വാട്ടറിൽ നടത്തിയ തിരിച്ചു വരവിലൂടെയാണ് കീഴ്പ്പെടുത്തിയത്. 2004 ഒളിമ്പിക്സിൽ അർജന്റീനക്ക് എതിരെ തോൽവി വഴങ്ങിയ ശേഷം 25 മത്സരത്തിൽ ഒളിമ്പിക്സിൽ തോൽവി അറിയാതെ വന്ന അമേരിക്കയുടെ ആദ്യ തോൽവി ആയി ഇത്. 2 കൊല്ലം മുമ്പ് ബാസ്ക്കറ്റ് ബോൾ ലോകകപ്പ് ക്വാർട്ടർ ഫൈനലിലും ഫ്രാൻസ് അമേരിക്കയെ അട്ടിമറിച്ചിരുന്നു.
മൂന്നാം ക്വാട്ടറിൽ 10 പോയിന്റ് മുന്നിൽ നിന്ന അമേരിക്കയെ നാലാം ക്വാട്ടറിൽ പിടിച്ചു കെട്ടിയാണ് ആണ് ഫ്രാൻസ് ജയം പിടിച്ചു എടുത്തത്. 27 പോയിന്റുകൾ നേടിയ ഇവാൻ ഫോർനിയർ 14 പോയിന്റുകൾ നേടിയ റൂഡി ഗോബർട്ട് എന്നിവർ ആണ് ഫ്രാൻസിന് മിന്നും ജയം സമ്മാനിച്ചത്. ഒളിമ്പിക്സിൽ 134 മത്തെ മത്സരത്തിൽ ഇത് ആറാം തവണ മാത്രം ആണ് അമേരിക്ക തോൽക്കുന്നത്. സമീപകാലത്ത് തങ്ങളുടെ സ്വന്തം കളിയിൽ എൻ.ബി.എ സൂപ്പർ താരങ്ങളെ അണിനിരത്തിയിട്ടും അമേരിക്കക്ക് തിരിച്ചടി ഉണ്ടാകുന്നതിന്റെ വലിയ സൂചന ഈ മത്സരം തന്നു. ഗ്രൂപ്പിൽ അടുത്ത മത്സരത്തിൽ ഫ്രാൻസ് ചെക് റിപ്പബ്ലിക്കിനെ നേരിടുമ്പോൾ അമേരിക്കക്ക് ഇറാൻ ആണ് എതിരാളികൾ.