സാക്ഷാൽ സ്റ്റെഫി ഗ്രാഫിന് ശേഷം ഒളിമ്പിക് ടെന്നീസിൽ ജർമ്മനിക്ക് സ്വർണം സമ്മാനിച്ചു അലക്‌സാണ്ടർ സാഷ സെരവ്. നാലാം സീഡ് ആയി ഒളിമ്പിക്‌സിൽ എത്തിയ സാഷ സെമിഫൈനലിൽ നൊവാക് ജ്യോക്കോവിച്ചിനെ അട്ടിമറിച്ചു ആയിരുന്നു ഫൈനലിൽ എത്തിയത്. സാഷ തന്റെ കരിയറിൽ നേടുന്ന ഏറ്റവും വലിയ കിരീടം ആണ് ഒളിമ്പിക് സ്വർണം. ഫൈനലിൽ റഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ കാരൻ ഖാചനോവിനെ നിലം തൊടീച്ചില്ല ജർമ്മൻ ഒന്നാം നമ്പർ താരം.
ജ്യോക്കോവിച്ചിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിൽ വന്ന സാഷ ആദ്യ സെറ്റ് 6-3 നു നേടിയപ്പോൾ രണ്ടാം സെറ്റിൽ കണ്ടത് സമ്പൂർണ ആധിപത്യം. ഇടക്ക് ബേഗൽ സൂചന നൽകിയെങ്കിലും ഒരു ഗെയിം മാത്രം എതിരാളിക്ക് നൽകി 6-1 നു ആണ് സാഷ രണ്ടാം സെറ്റ് നേടി ഒളിമ്പിക് സ്വർണം എന്ന സ്വപ്ന നേട്ടം കൈവരിച്ചത്. പലപ്പോഴും കഴിവിന് ഒത്ത് ഉയരുന്നില്ല വലിയ വേദികളിൽ പതറുന്നു എന്ന പരാതികൾക്ക് ആണ് ടോക്കിയോയിൽ സാഷ മറുപടി നൽകിയത്. ഒളിമ്പിക്സിലെ പ്രകടനം വരും കാല ഗ്രാന്റ് സ്‌ലാം മത്സരങ്ങളിൽ സാഷക്ക് വലിയ ആത്മവിശ്വാസം നൽകും എന്നുറപ്പാണ്.