ഒളിമ്പിക് ടെന്നീസിൽ മൂന്നാം റൗണ്ട് മത്സരത്തിൽ ജയം കണ്ടു ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ച്. സ്പാനിഷ് താരം അലക്സാൻഡ്രോ ഫോകിനയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ജ്യോക്കോവിച്ച് തോൽപ്പിച്ചത്. ഗോൾഡൻ സ്ലാം ലക്ഷ്യം വക്കുന്ന ജ്യോക്കോവിച്ച് 6-3, 6-1 എന്ന സ്കോറിന് ആണ് ജയം കണ്ടത്. ക്വാർട്ടറിൽ ജപ്പാൻ താരം കെയ് നിഷികോരിയാണ് ജ്യോക്കോവിച്ചിന്റെ എതിരാളി. ബാസിലഷല്ലിക്ക് എതിരെ 6-4, 7-6 എന്ന ജയം കണ്ട ജർമ്മൻ താരം സാഷ സെരവും ക്വാർട്ടറിൽ എത്തി. അതേസമയം റഷ്യയുടെ കാരൻ ഖാചനവിനോട് 6-1, 2-6, 6-1 എന്ന സ്കോറിന് തോൽവി വഴങ്ങിയ അർജന്റീനയുടെ ഡീഗോ ഷ്വാർട്ട്സ്മാനും ക്വാർട്ടർ ഫൈനൽ കാണാതെ പുറത്ത് പോയി.
കടുത്ത ചൂടിൽ ഇടക്ക് തളർന്നു വീഴും എന്നു പോലും തോന്നിയ മത്സരം അതിജീവിച്ച റഷ്യൻ താരം ഡാനിൽ മെദ്വദേവും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ശാരീരികമായി വലുതായി ബുദ്ധിമുട്ടിയ മെദ്വദേവ് താൻ മരിച്ചു വീണാൽ ആരാണ് ഉത്തരവാദി എന്നു പോലും ഇടക്ക് അധികൃതരോട് തുറന്നടിച്ചു. ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്നിക്ക് എതിരായ മത്സരം ചൂട് കാരണം മെദ്വദേവിനു നരകം തന്നെയായി. 6-2, 3-6, 6-2 എന്ന സ്കോറിന് ആയിരുന്നു റഷ്യൻ അത്ലറ്റിക് കമ്മിറ്റിയുടെ താരത്തിന്റെ ജയം. മത്സരശേഷവും അധികൃതരെ മെദ്വദേവ് രൂക്ഷമായി വിമർശിച്ചു. അതേസമയം ഫ്രഞ്ച് യുവ താരം ഉഗോ ഉമ്പർട്ടിനു മുന്നിൽ മൂന്നാം സീഡ് ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസ് വീണു. 6-2, 6-7, 6-2 എന്ന സ്കോറിന് ആയിരുന്നു ഗ്രീക്ക് താരത്തിന്റെ പരാജയം.