ഈ കെട്ട കാലത്ത് പ്രതീക്ഷയുടെ ഒളിമ്പിക് ദീപം തെളിയിക്കാൻ യോഗ്യത നയോമി ഒസാക്കക്ക് തന്നെ!

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

തങ്ങളുടെ ചരിത്രത്തിൽ നേരിട്ട ഏത് വൈദേശിക അക്രമണത്തെയും ധൈര്യമായി നേരിട്ടവർ ആണ് ജപ്പാൻ ജനത. പലപ്പോഴും അവരെ കീഴടക്കിയ ഒരു വൈദേശിക ശക്തിക്കും ജപ്പാൻ സംസ്കാരത്തെയോ അവരുടെ പാരമ്പര്യത്തെയോ മുറിവേൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നതും അവരുടെ പ്രത്യേകതയാണ്. അതോടൊപ്പം സ്വന്തം നാട്ടിനോടുള്ള സ്നേഹം എന്ന പോലെ പലപ്പോഴും വിദേശികളെ സംശയത്തോടെയാവും അവർ സ്വീകരിച്ചത്. അതിൽ തന്നെ വിദേശികളെക്കാൾ ജപ്പാൻ ജനത മാറ്റി നിർത്തിയ ഒരു വിഭാഗം സങ്കര വംശജരായ ജനത ആയിരുന്നു. തങ്ങളിൽ ഉൾപ്പെടുത്താൻ എന്നു മടിക്കുന്ന അവരെ എന്നും വിദേശികളുടെ ഗണത്തിൽ, വഞ്ചകരുടെ ഗണത്തിൽ ആയിരുന്നു ജപ്പാൻ ജനത പെടുത്തിയത്. എന്നാൽ ഇന്ന് പതിറ്റാണ്ടുകൾക്ക് അപ്പുറം ജപ്പാനിൽ എത്തിയ ടോക്കിയോയിൽ എത്തിയ ലോക കായിക ഉത്സവത്തിനു, കായിക ലോകത്തിലെ ഏറ്റവും വലിയ ആഘോഷത്തിന്, മനുഷ്യരാശിയുടെ വലിയ മാമാങ്കത്തിന് തുടക്കം കുറിച്ചു പ്രതീക്ഷയുടെ ഒളിമ്പിക് ദീപം തെളിയിക്കുന്നത് സങ്കര വംശജയായ നയോമി ഒസാക്ക യുവ ടെന്നീസ് താരം ആവുന്നത് മാറുന്ന ലോകത്തെ പ്രചോദന കാഴ്ച ആവുന്നുണ്ട്. ടെന്നീസ് കോർട്ടിലും തന്റെ പോരാട്ടവീര്യം കൊണ്ടും പുറത്ത് തന്റെ മാനവികത ഉയർത്തിപ്പിടിച്ച നിലപാടുകൾ കൊണ്ടും ജേതാവ് ആയ നയോമി ഒസാക്ക അല്ലാതെ ആരാണ് ഈ ഒളിമ്പിക് ദീപം തെളിയിക്കാൻ കൂടുതൽ അർഹ? ജപ്പാൻ ഒളിമ്പിക് ദീപം സ്റ്റേഡിയത്തിലേക്ക് വഹിച്ച കായിക താരങ്ങളിൽ നിന്നു ഏറ്റുവാങ്ങാൻ ആദ്യം നിയോഗിച്ചത് ഭൂകമ്പ ദുരന്തം അതിജീവിച്ച ആളുകളെ ആയിരുന്നു. തുടർന്ന് കോവിഡ് മുന്നണിപ്പോരാളികളെ പ്രതിനിധീകരിച്ച ഡോക്ടർ, നേഴ്‌സുമാരിൽ നിന്നു അത് പാരാ ഒളിമ്പ്യനിൽ എത്തി അവിടെ നിന്നു ഫുകുഷിമോ ആണവ ദുരന്തം അതിജീവിച്ച കുട്ടികളുടെ ഒരു സംഘം ആ ദീപം ഏറ്റുവാങ്ങി എന്നിട്ട് അത് നായോമി ഒസാക്കയിലേക്കും പിന്നീട്‌ അത് വലിയ പ്രതീക്ഷയുടെ ദീപവും ആയി മാറി.
Img 20210723 Wa0181

2018, 2020 വർഷങ്ങളിൽ യു.എസ് ഓപ്പണും, 2019, 2021 വർഷങ്ങളിൽ ഓസ്‌ട്രേലിയൻ ഓപ്പണും ജയിച്ച മുൻ ലോക ഒന്നാം നമ്പർ ആയ നിലവിലെ ലോക രണ്ടാം നമ്പർ താരം നയോമി ഒസാക്ക എന്ന 23 കാരി കളത്തിൽ നടത്തിയ പ്രകടനങ്ങളെക്കാൾ മൂല്യം ചിലപ്പോൾ അവർ കളത്തിനു പുറത്ത് ഉയർത്തി പിടിച്ച നിലപാടുകൾക്ക് ഉണ്ടാവും എന്നുറപ്പാണ്. ജപ്പാനിസ് വംശജയായ അമ്മക്ക് ഹെയ്‌ത്തി വംശജയായ അച്ഛന് 1997 ഒസാക്കയിൽ ജനിച്ച ഒസാക്ക പക്ഷെ ഒരു ന്യൂയോർക്ക് കാരിയായാണ് വളർന്നത്. മൂന്നു വയസ്സ് പ്രായമുള്ളപ്പോൾ അമേരിക്കയിലേക്ക് കുടിയേറിയ നായോമിയെയും സഹോദരി മാരിയെയും വില്യംസ് സഹോദരിമാരെ മാതൃക ആയി കാണിച്ചു ടെന്നീസിന്റെ ലോകത്ത് കൊണ്ട് വരുന്നത് അച്ചൻ തന്നെയാണ്. തുടർന്ന് മാതാപിതാക്കൾ ജപ്പാൻ പാരമ്പര്യത്തിൽ വളർന്ന ജപ്പാനിൽ ജനിച്ച ആഫ്രിക്കൻ അമേരിക്കൻ-ജപ്പാൻ വേരുകൾ ഉള്ള തങ്ങളുടെ മക്കൾ ജപ്പാനെ പ്രതിനിധീകരിച്ചാൽ മതി എന്ന തീരുമാനം എടുക്കുക ആയിരുന്നു. പിന്നീട്‌ അമേരിക്കയുടെ വലിയ നഷ്ടമായി നയോമി മാറിയപ്പോൾ ജപ്പാൻ ജനതക്ക് ടെന്നീസ് എന്ന സമ്പന്നരുടെ കളിയിലെ പുറമ്പോക്കിൽ നിൽക്കുന്ന ഏഷ്യൻ ജനതക്ക് ലഭിച്ചത് തങ്ങൾ ഇന്നേവരെ കാത്തിരുന്ന ഒരു വലിയ സൂപ്പർ താരത്തെ ആയിരുന്നു. ജപ്പാനിൽ ഏഷ്യയിൽ അമേരിക്കയിൽ ഒസാക്ക സെൻസേഷൻ ആയപ്പോൾ സാക്ഷാൽ സെറീന വില്യംസിനെപ്പോലും വരുമാന കണക്കിൽ ഒസാക്ക പിന്തള്ളി.

ടെന്നീസ് കോർട്ടിലെ പ്രകടനവും പുറത്ത് ലഭിച്ച പരസ്യവരുമാനം നൽകിയ സമ്പത്തിനും അപ്പുറത്ത് ഈ ചെറിയ പ്രായത്തിൽ തന്റെ നിലപാടുകൾ ശക്തമായി പ്രഖ്യാപിച്ച ഒസാക്ക താൻ എന്താണെന്ന് അടയാളപ്പെടുത്തുന്നതും ലോകം പിന്നീട് കണ്ടു. ‘ബ്ളാക്ക് ലൈവ്‌സ് മാറ്റർ’ മുന്നേറ്റത്തിനു വലിയ പിന്തുണ പരസ്യമായി പ്രഖ്യാപിച്ച ഒസാക്ക 2020 യു.എസ് ഓപ്പണിൽ കോവിഡ് മൂലം അണിയാൻ നിർബന്ധിതമായ മാസ്കിൽ ഓരോ ദിവസവും പോലീസ് ഭീകരതയാൽ അമേരിക്കയിൽ കൊല്ലപ്പെട്ട ഓരോ കറുത്ത വർഗ്ഗക്കാരുടെയും പേര് എഴുതിയാണ് കളിക്കാൻ എത്തിയത്. ബ്രയോണ ടൈലറും, ജോർജ് ഫ്ലോയിഡും, താമിർ റൈസ് മുതൽ ഏഴ് പേരുകൾ മാസ്കിൽ അണിഞ്ഞു ഒസാക്ക യു.എസ് ഓപ്പൺ ജയിച്ചു അമേരിക്കൻ ജനതയെ കറുത്ത വർഗ്ഗക്കാർ നേരിടുന്ന നീതികേട് ഓർമ്മിപ്പിച്ചു. കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിനു ഇടയിൽ മാനസിക ആരോഗ്യം ചൂണ്ടിക്കാട്ടി മത്സരത്തിനു ശേഷം ഉടൻ നൽകുന്ന അഭിമുഖത്തിന്റെ പേരിൽ അധികൃതരോട് കലഹിച്ചു ടൂർണമെന്റ് ബഹിഷ്‌കരിക്കുന്ന ഒസാക്കയെയും പിന്നീട് ലോകം കണ്ടു. ഇങ്ങനെ പല നിലക്കും ഒസാക്ക കളത്തിനു പുറത്ത് തന്റെ നിലപാടുകൾ കൊണ്ടു ലോകത്തിനു പ്രചോദനം ആയി. ടൈം 2020 തിൽ ലോകത്തിനു പ്രചോദനം ആയ 100 പേരിൽ ഒരാൾ ആയും ഒസാക്കയെ തിരഞ്ഞടുത്തിരുന്നു. ജപ്പാൻ ചരിത്രത്തിൽ സങ്കര വംശജർ നേരിട്ട വെല്ലുവിളികളും ബുദ്ധിമുട്ടുകളും നോക്കുമ്പോൾ കോവിഡ് കെട്ട കാലത്തെ ലോകത്തിന്റെ പ്രതീക്ഷയുടെ ദീപം തെളിയിക്കാൻ ജപ്പാന് പ്രതിനിധി ആവാൻ നയോമി ഒസാക്കക്ക് തന്നെയാണ് യഥാർത്ഥ യോഗ്യത. കെട്ട കാലത്ത് ഒരു വർഷം നീണ്ടു പോയ ഒളിമ്പിക് മാമാങ്കം ഒരു വലിയ ആഘോഷം ആക്കുമെന്ന സൂചന ഒളിമ്പിക് ഉത്ഘാടന ചടങ്ങിൽ ജപ്പാൻ നൽകുന്നുണ്ട്. ഒസാക്ക ദീപം തെളിയിച്ചു തുടക്കം കുറിച്ച ഒളിമ്പിക് മാമാങ്കം വരും ദിനങ്ങളിൽ ലോകത്തിന് വലിയ പ്രചോദനം ആവും എന്നു നമുക്ക് പ്രതീക്ഷിക്കാം.
Img 20210723 Wa0180