1992 ബാഴ്‌സലോണ ഒളിമ്പിക്സ് മുതൽ 2020 ടോക്കിയോ ഒളിമ്പിക്സ് വരെ നടന്ന എല്ലാ ഒളിമ്പിക്‌സിലും പങ്കെടുത്തു ചരിത്രം എഴുതി സ്പാനിഷ് അത്ലറ്റ് ജീസസ് ഏഞ്ചൽ ഗാർസിയ. ഇതോടെ ഏറ്റവും കൂടുതൽ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന താരമായും സ്പാനിഷ് താരം മാറി. അതും വളരെ കഠിനമായ 50 കിലോമീറ്റർ നടത്ത മത്സരത്തിൽ ആണ് താരം ഒളിമ്പിക്‌സിൽ പങ്കെടുത്തത്. തന്റെ 23 മത്തെ വയസ്സിൽ 1992 ബാഴ്‌സലോണ ഒളിമ്പിക്‌സിൽ 50 കിലോമീറ്റർ നടത്തത്തിൽ 10 സ്ഥാനത്ത് എത്തിയ ഗാർസിയ തുടർന്ന് 1996 അറ്റ്ലാന്റ, 2000 സിഡ്‌നി, 2004 ഏതൻസ്, 2008 ബെയ്ജിംഗ്, 2012 ലണ്ടൻ, 2016 റിയോ തുടങ്ങി ഒടുവിൽ 2021 ൽ 2020 ടോക്കിയോ ഒളിമ്പിക്‌സ് വരെയുള്ള എല്ലാ ഒളിമ്പിക്സിലും സാന്നിധ്യമായി. ഈ 51 മത്തെ വയസ്സിലാണ് താരം ടോക്കിയോയിൽ മത്സരിക്കാൻ എത്തിയത് പങ്കെടുത്തു.
2008 ൽ നാലാമതും 2004 ൽ അഞ്ചാമതും എത്തിയത് ആണ് ഉയർന്ന നേട്ടം എങ്കിലും മെഡൽ ഇല്ലാത്തത് ഒരിക്കലും താരത്തിന്റെ മത്സര വീര്യത്തെ കുറച്ചില്ല. 1996 ൽ ഒഴിച്ചാൽ എല്ലാ വർഷവും 50 കിലോമീറ്റർ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട് ഗാർസിയ. 50 കിലോമീറ്റർ നടത്തം ടോക്കിയോയിലെ കടുത്ത ചൂടിലും മോശം കാലാവസ്ഥയിലും 51 മത്തെ വയസ്സിൽ പൂർത്തിയാക്കാൻ താരത്തിന് ആയി. 35 സ്ഥാനക്കാരൻ ആയാണ് താരം ടോക്കിയോയിൽ തന്റെ റേസ് അവസാനിപ്പിച്ചത്. ലോക ചാമ്പ്യൻഷിപ്പിലും യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും മെഡൽ നേട്ടമുള്ള താരത്തിന് ഒളിമ്പിക് മെഡൽ മാത്രം അകന്ന് നിന്നെങ്കിലും അത് താരത്തിന്റെ പോരാട്ടവീര്യത്തെ ഒട്ടും കുറച്ചില്ല. ലോക ചാമ്പ്യൻഷിപ്പിൽ അടക്കം സ്വർണം നേടിയ മുൻ ഒളിമ്പ്യൻ കൂടിയായ സ്പാനിഷ് ജിംനാസ്റ്റിക് കാർമൻ ഹോർജെയാണ് ഗാർസിയയുടെ ഭാര്യ. 2024 ൽ 54 മത്തെ വയസ്സിൽ തന്റെ ഒമ്പതാം ഒളിമ്പിക്സിൽ പങ്കെടുക്കാൻ ഗാർസിയ പാരീസിൽ എത്തിയാലും അത്ഭുതം ഇല്ല എന്നതാണ് വാസ്തവം.