ഇന്ത്യയുടെ വലിയ മെഡൽ പ്രതീക്ഷയായ ഹോക്കിയിൽ പുരുഷ ടീമിന് വിജയ തുടക്കം. മലയാളി ഗോൾ കീപ്പർ പി.ആർ ശ്രീജേഷിന്റെ അവസാന നിമിഷ രക്ഷപ്പെടുത്തലുകൾ ആണ് അവസാന നിമിഷങ്ങളിൽ ന്യൂസിലാൻഡിൽ നിന്നു നേരിട്ട വെല്ലുവിളി മറികടക്കാൻ ഇന്ത്യയെ സഹായിച്ചത്. 3-2 നു ആയിരുന്നു ആവേശകരമായ മത്സരത്തിൽ ഇന്ത്യൻ ജയം. മത്സരത്തിൽ ആദ്യ ക്വാട്ടറിൽ ആറാം മിനിറ്റിൽ തന്നെ പെനാൾട്ടി കോർണറിലൂടെ കെയിൻ റസൽ ന്യൂസിലാൻഡിനു ആദ്യ ഗോൾ സമ്മാനിച്ചു. എന്നാൽ ഒമ്പതാം മിനിറ്റിൽ ലഭിച്ച പെനാൽട്ടി കോർണറിൽ ന്യൂസിലാൻഡ് പ്രതിരോധ താരത്തിന്റെ പിഴവ് ഇന്ത്യക്ക് പെനാൽട്ടി സ്ട്രോക്ക് സമ്മാനിച്ചു. ഇത് ലക്ഷ്യം കണ്ട രൂപിന്ദ്രപാൽ സിംഗ് ഇന്ത്യയെ മത്സരത്തിൽ ഒപ്പമെത്തിച്ചു.
രണ്ടാം ക്വാട്ടറിൽ ഇന്ത്യയുടെ അപ്പീലിൽ നിന്നു ലഭിച്ച പെനാൽട്ടി കോർണറിൽ നിന്നു ഗോൾ കണ്ടത്തിയ ഹമൻപ്രീത് ഇന്ത്യയെ മത്സരത്തിൽ ആദ്യമായി മുന്നിലെത്തിച്ചു. മൂന്നാം ക്വാട്ടറിൽ മറ്റൊരു പെനാൽട്ടി കോർണറിൽ നിന്നു ഗോൾ കണ്ടത്തിയ രൂപിന്ദ്രപാൽ സിംഗ് തന്റെ രണ്ടാം ഗോളും ഇന്ത്യയുടെ മൂന്നാം ഗോളും കണ്ടത്തി. എന്നാൽ മൂന്നാം ക്വാട്ടറിന്റെ അവസാന നിമിഷം മത്സരത്തിലെ ആദ്യ ഫീൽഡ് ഗോൾ ജനസിലൂടെ നേടിയ കീവികൾ ലീഡ് 3-2 ആയി കുറച്ചു. അവസാന ക്വാട്ടർ ആയ നാലാം ക്വാട്ടറിൽ കൂടുതൽ കരുത്തോടെ ന്യൂസിലാൻഡ് സമനിലക്ക് ആയി ആക്രമിച്ചു എങ്കിലും ശ്രീജേഷിന്റെ മികച്ച രക്ഷപ്പെടുത്തലുകളും ഇന്ത്യൻ പ്രതിരോധത്തിന്റെ മികവും ഇന്ത്യക്ക് ആദ്യ മത്സരത്തിൽ ജയം സമ്മാനിച്ചു.