ജിംനാസ്റ്റിക് ചരിത്രത്തിലെ എക്കാലത്തെയും മഹാനായ താരം ആയി വാഴ്ത്തുന്ന സിമോൺ ബൈൽസിന്റെ നാടകീയ പിന്മാറ്റം കണ്ടു ജിംനാസ്റ്റിക് ടീം ഫൈനൽ. ആദ്യ വാൾട്ടിനു ശേഷം സിമോൺ ബൈൽസ് പിന്നീട് മത്സരം തുടർന്നില്ല. വാൾട്ടിൽ ലാന്റിങ് പിഴച്ച ബൈൽസ് പിന്മാറിയത് പിന്നീട് ആരോഗ്യകാരണങ്ങൾ കൊണ്ടാണ് എന്നു വ്യക്തമായി. ബൈൽസിന്റെ അഭാവത്തിൽ വർഷങ്ങളായി അമേരിക്കൻ ആധിപത്യം കാണുന്ന ജിംനാസ്റ്റിക് ടീം ഇനത്തിൽ അമേരിക്കക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. റഷ്യൻ ഒളിമ്പിക് കമ്മിറ്റി ടീം ആണ് ഈ ഇനത്തിൽ അമേരിക്കൻ ആധിപത്യം അവസാനിപ്പിച്ചു സ്വർണം നേടിയത്.
റഷ്യക്ക് 169.528 പോയിന്റുകൾ ലഭിച്ചപ്പോൾ 166.096 പോയിന്റുകൾ ആണ് അമേരിക്കക്ക് ലഭിച്ചത്. അതേസമയം 164.096 പോയിന്റുകൾ നേടിയ ബ്രിട്ടീഷ് ടീം ഈ ഇനത്തിൽ വെങ്കലം നേടി. പരിക്കേറ്റു പിന്മാറിയെങ്കിലും ഗ്രൗണ്ടിൽ തുടർന്ന സിമോൺ ബൈൽസ് തന്റെ സഹതാരങ്ങളെ സകല നിലക്കും പിന്തുണക്കുന്ന മനോഹര കാഴ്ചയും പിന്നീട് കണ്ടു. മുമ്പ് 6 തവണ ഒളിമ്പിക് സ്വർണം നേടിയ 20 തിൽ അധികം ലോക ചാമ്പ്യൻഷിപ്പ് മെഡലുകൾ സ്വന്തമായി ഉള്ള ബൈൽസ് വ്യക്തിഗത മത്സരങ്ങളിൽ പങ്കെടുക്കാൻ ആണ് സാധ്യത. താൻ നിലവിൽ ആരോഗ്യവതി ആണെന്നും തന്റെ പ്രശ്നങ്ങൾ സ്വയം 2 ദിവസങ്ങൾക്ക് അകം പരിഹരിക്കും എന്നും ബൈൽസ് പിന്നീട് പ്രതികരിച്ചു.