ഒളിമ്പിക് വെള്ളി മെഡൽ നിലനിർത്താനുള്ള ബ്രിട്ടന്റെ ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി. മുമ്പ് പുരുഷന്മാരുടെ 4×100 മീറ്റർ റിലെയിലെ താരമായ സി.ജെ ഉജാഹ് മരുന്നടിയിൽ റേസിന് തൊട്ടു പിറകെ ദിവസങ്ങൾക്ക് ശേഷം പിടിക്കപ്പെട്ടതോടെ ബ്രിട്ടീഷ് സാധ്യതകൾ മങ്ങിയിരുന്നു. തുടർന്ന് മരുന്നടി നിഷേധിച്ച ബ്രിട്ടീഷ് താരം തന്റെ ബി സാമ്പിൾ പരിശോധിക്കണം എന്ന താരത്തിന്റെ ആവശ്യവും അധികൃതർ നടത്തി. എന്നാൽ ഈ ബി സാമ്പിളിലും താരം മരുന്നടിച്ചത് ആയി കണ്ടത്തിയതോടെ ബ്രിട്ടനു ഒളിമ്പിക് മെഡൽ നഷ്ടമാവും എന്നു ഏതാണ്ട് ഉറപ്പായി.
ഓസ്ട്രെയിൻ, എസ്-23 എന്നീ പേശികൾക്ക് ബലം നൽകുന്ന നിരോധിത മരുന്നുകളുടെ സാന്നിധ്യം ആണ് താരത്തിന്റെ രക്തത്തിൽ കണ്ടത്തിയത്. ഇനി താൻ അറിയാതെയാണ് ഇവ തന്റെ ശരീരത്തിൽ എത്തിയത് എന്നു താരം വാദിച്ചാൽ പോലും ബ്രിട്ടന് വെള്ളി മെഡൽ ലഭിക്കാൻ ഇനി സാധ്യതയില്ല. ഒളിമ്പിക്സിലെ ഏറ്റവും മികച്ച ഫൈനലുകളിൽ ഒന്നായ 4×100 മീറ്ററിൽ ഇറ്റലിക്ക് 0.001 സെക്കന്റ് മാത്രം പിറകിൽ ആയിരുന്നു ബ്രിട്ടീഷ് ടീം റേസ് പൂർത്തിയാക്കിയത്. ബ്രിട്ടൻ അയോഗ്യമാക്കപ്പെടുന്നതോടെ വെങ്കലം നേടിയ കാനഡക്ക് വെള്ളിയും നാലാമത് എത്തിയ ചൈനക്ക് ഈ ഇനത്തിൽ വെങ്കലവും ലഭിക്കും. ബ്രിട്ടീഷ് കായിക രംഗത്ത് നാണക്കേട് ആയിരിക്കുക ആണ് ഈ വിഷയം.