തിരിച്ചടി ഉണ്ടായിട്ടും നീന്തലിൽ ഒന്നാം സ്ഥാനം നിലനിർത്തി അമേരിക്ക, ഓസ്‌ട്രേലിയ രണ്ടാമത്

ഒളിമ്പിക്‌സിൽ സമീപകാലത്തെ വലിയ തിരിച്ചടി ഉണ്ടായിട്ടും അമേരിക്ക തന്നെ തങ്ങളുടെ കുത്തകയായ ഒളിമ്പിക്‌സ് നീന്തലിൽ ഒന്നാം സ്ഥാനത്ത്. നീന്തൽ ഇനങ്ങൾ അവസാനിക്കുമ്പോൾ 35 സ്വർണ മെഡലുകളിൽ 11 എണ്ണവും അമേരിക്ക സ്വന്തമാക്കി. ഒപ്പം 11 വെള്ളിയും 9 വെങ്കലവുമായി 30 മെഡലുകൾ ആണ് അവർ നീന്തിയെടുത്തത്. പല ഉറപ്പുള്ള സ്വർണവും നഷ്ടമായിട്ടും അവരുടെ ആധിപത്യം തന്നെ ടോക്കിയോയിലും തുടർന്നു. മത്സരിച്ച ആറിൽ അഞ്ച് സ്വർണവും നീന്തിയെടുത്ത കാലബ് ഡ്രസൽ, ഇതിഹാസ താരം കാറ്റി ലഡെക്കി എന്നിവർ ആണ് അമേരിക്കക്ക് ആയി തിളങ്ങിയത്. രണ്ട് സ്വർണവും രണ്ടു വെള്ളിയും ആണ് ലഡെക്കി നീന്തിയെടുത്തത്.

ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഓസ്‌ട്രേലിയ ആണ് രണ്ടാമത്. ഒമ്പത് സ്വർണവും 3 വെള്ളിയും 8 വെങ്കലവും അടക്കം 20 മെഡലുകൾ ഓസ്‌ട്രേലിയ നേടി. 4 സ്വർണമടക്കം 7 മെഡലുകൾ നേടിയ എമ്മ മക്കിയോൺ, മൂന്നു സ്വർണം അടക്കം നാലു മെഡലുകൾ നേടിയ കെയ്‌ലി മക്കിയോൺ, 2 സ്വർണം അടക്കം നാലു മെഡലുകൾ നേടിയ അരിയാർണ ടിറ്റമസ്‌ എന്നീ സ്ത്രീ കരുത്ത് ആണ് ഓസ്‌ട്രേലിയക്ക് നേട്ടമായത്. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ബ്രിട്ടൻ ആണ് 4 സ്വർണവുമായി മൂന്നാമത്, 3 സ്വർണം നേടിയ ചൈന നാലാമതും. ആദം പീറ്റി, ഡങ്കൻ സ്‌കോട്ട് തുടങ്ങിയ പുരുഷൻമാരുടെ മികവ് ആണ് ബ്രിട്ടന് കരുത്ത് ആയത്. 2 സ്വർണമടക്കം 3 മെഡലുകൾ ആണ് പീറ്റി നീന്തിയെടുത്തത്. 2 സ്വർണം അടക്കം 4 മെഡലുകൾ ചൈനക്ക് ആയി നേടിയ യാങ് യുഫെ അവരുടെ നേട്ടങ്ങൾക്ക് വലിയ പങ്ക് വഹിച്ചു. ഇന്ത്യക്ക് ആയി സാജൻ പ്രകാശ്, ശ്രീഹരി നടരാജ്, മന്ന പട്ടേൽ എന്നീ മൂന്നു നീന്തൽ താരങ്ങൾ ഇറങ്ങിയെങ്കിലും നിരാശ ആയിരുന്നു ഫലം.