ടോക്കിയോ ഒളിമ്പിക്സ് അവസാനിക്കാൻ ഒരേയൊരു ദിനം മാത്രം ബാക്കി നിൽക്കെ ചൈനക്ക് തൊട്ട് പിറകിൽ എത്തി അമേരിക്ക. ഇന്ന് ബാസ്കറ്റ്ബോൾ, വാട്ടർ പോളോ, ഗോൾഫ്, അത്ലറ്റിക്‌സ് തുടങ്ങിയ ഇനങ്ങളിൽ അടക്കം സ്വർണം നേടിയ അവർ 5 സ്വർണം ആണ് ഇന്ന് നേടിയത്. നാളെയും വനിത വോളിബോൾ, ബാസ്കറ്റ്ബോൾ ബോക്സിങ് എന്നിവയിൽ പ്രതീക്ഷ വക്കുന്ന അമേരിക്ക ചൈനയെ അവസാന ദിവസം മറികടക്കാൻ ആവുമെന്ന പ്രതീക്ഷയിൽ തന്നെയാണ്. നിലവിൽ 38 സ്വർണവും 31 വെള്ളിയും 18 വെങ്കലവും ഉള്ള ചൈനക്ക് 87 മെഡലുകൾ ആണ് ഉള്ളത്. അതേസമയം 36 സ്വർണവും 39 വെള്ളിയും 33 വെങ്കലവും അടക്കം അമേരിക്കക്ക് 108 മെഡലുകൾ ആണ് ഉള്ളത്. അതിനാൽ തന്നെ 2 സ്വർണം എന്ന വ്യത്യാസം നാളെ മറികടക്കാൻ ആവും എന്നു തന്നെയാണ് അമേരിക്കൻ പ്രതീക്ഷ.
ഇന്ന് ശക്തമായ പ്രകടനം തുടർന്ന ജപ്പാൻ 27 സ്വർണവും ആയി ഏതാണ്ട് തങ്ങളുടെ മൂന്നാം സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. അതേസമയം ഇന്ന് വലിയ മുന്നേറ്റം നടത്തിയ റഷ്യൻ ഒളിമ്പിക് കമ്മിറ്റി തങ്ങളുടെ സ്വർണ നേട്ടം 20 ആക്കി ഉയർത്തി. നിലവിൽ ബ്രിട്ടനും 20 സ്വർണം സ്വന്തമായിട്ടുണ്ട്. ഓസ്‌ട്രേലിയ 17 സ്വർണവും ആയി ആറാമത് നിൽക്കുമ്പോൾ ഇറ്റലിക്ക് പുറമെ ജർമനി, നെതാർലാന്റ് ടീമുകളും 10 സ്വർണം ഒളിമ്പിക്‌സിൽ തികച്ചു. നിലവിൽ ഒമ്പത് സ്വർണം ആണ് ഫ്രാൻസിന്റെ നേട്ടം. നീരജ് ചോപ്രയുടെ സുവർണ നേട്ടവും ബജ്‌റങ് പൂനിയയുടെ വെങ്കലവും ഇന്ത്യക്ക് വലിയ മുന്നേറ്റം സമ്മാനിച്ചു ഇന്ന്. 65 ൽ നിന്നു നിലവിൽ 47 സ്ഥാനത്ത് എത്താൻ ഇന്ത്യക്ക് സാധിച്ചു. 5000 ത്തിനു പുറമെ 10,000 മീറ്ററിലും സഫാൻ ഹസാൻ സ്വർണം നേടുന്നത് കണ്ട ഇന്ന് അമേരിക്കൻ താരം ആലിസൻ ഫീലിക്‌സ് താന്റെ 11 ഒളിമ്പിക് മെഡൽ നേടുന്നതും കാണാൻ സാധിച്ചു.