ടോക്കിയോ ഒളിമ്പിക്സ് അവസാനിക്കാൻ ഇനി വെറും രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ മെഡൽ വേട്ടയിൽ തങ്ങളുടെ ആധിപത്യം തുടർന്ന് ചൈന. ഇന്ന് രണ്ടു മെഡലുകൾ കൂട്ടിച്ചേർത്ത അവർ നിലവിൽ 36 സ്വർണവും 26 വെള്ളിയും 17 വെങ്കലവും അടക്കം 79 മെഡലുകളും ആയി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. റിയോ ഒളിമ്പിക്‌സിൽ മൂന്നാമത് ആയ ചൈനയുടെ മികച്ച കുതിപ്പ് തന്നെയാണ് ഇത്. അതേസമയം നാളെ ബാസ്‌ക്കറ്റ് ബോൾ, വോളിബോൾ തുടങ്ങി പല ഫൈനലുകളിലും പ്രതീക്ഷ വക്കുന്ന അമേരിക്ക ഇപ്പോഴും രണ്ടാം സ്ഥാനത്ത് തുടരുകയാണ്. അമേരിക്കക്ക് നിലവിൽ 31 വീതം സ്വർണവും വെങ്കലവും ഉള്ളപ്പോൾ 36 വെള്ളിയും ഉണ്ട്. ആകെ 98 മെഡലുകൾ ആണ് അമേരിക്കയുടെ ഇത് വരെയുള്ള നേട്ടം. നിലവിൽ ചൈനയെ മറികടക്കാൻ അതിശക്തമായ മത്സരം തന്നെ അമേരിക്കയിൽ നിന്നു അവസാന രണ്ടു ദിവസം വേണ്ടി വരും.
ഇന്ന് തങ്ങളുടെ നില മെച്ചപ്പെടുത്തുന്ന ആതിഥേയരെയും കാണാൻ ആയി. 2 സ്വർണ മെഡലുകൾ കൂട്ടിച്ചേർത്ത ജപ്പാൻ നിലവിൽ 24 സ്വർണവും 11 വെള്ളിയും 16 വെങ്കലവും ആയി 51 മെഡലുകൾ നേടി തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനം ആണ് നടത്തിയത്. തങ്ങളുടെ വലിയ ശക്തിയായ ട്രാക് സൈക്കിളിംഗിൽ തിളങ്ങിയ ബ്രിട്ടൻ ഇന്ന് ശക്തമായ മുന്നേറ്റം നടത്തി. നിലവിൽ 18 സ്വർണവും ആയി അവർ നാലാമത് ആണ്. 17 വീതം സ്വർണവുമായി റഷ്യൻ ഒളിമ്പിക് കമ്മിറ്റിയും ഓസ്‌ട്രേലിയയും നിലവിൽ അഞ്ചും ആറും സ്ഥാനത്ത് ആണ്. അത്ലറ്റിക്സിൽ ഇന്ന് മൂന്നു സ്വർണം നേടി തങ്ങളുടെ സ്വർണ മെഡൽ നേട്ടം 10 ആക്കി മാറ്റിയ ഇറ്റലിയാണ് നിലവിൽ ഏഴാം സ്ഥാനത്ത്. 2016 റിയോ ഒളിമ്പിക്‌സിൽ എന്ന പോലെ ടോക്കിയോയിലും 100, 200 മീറ്റർ 4×100 മീറ്റർ റിലെ എന്നിവയിൽ സ്വർണം നേടി എലൈൻ തോംപ്സൻ ഹെറാ ഹാട്രിക് സ്വർണ നേട്ടം പൂർത്തിയാക്കി. നിലവിൽ 2 വെള്ളിയും 3 വെങ്കലവും ആയി 66 സ്ഥാനത്ത് ആണ് ഇന്ത്യ.