ടോക്കിയോ ഒളിമ്പിക്സിൽ 10 ദിനങ്ങൾ പൂർത്തിയാവുമ്പോൾ തങ്ങളുടെ മുന്നേറ്റം തുടർന്ന് ചൈന. ഭാരോദ്വഹനത്തിൽ നേടിയ രണ്ടു സ്വർണം അടക്കം ഇന്ന് നാലു സ്വർണ മെഡലുകൾ നേടിയ ചൈന തങ്ങളുടെ സ്വർണ നേട്ടം 29 ആയി ഉയർത്തി. ഒപ്പം 17 വെള്ളിയും 16 വെങ്കലവും സ്വന്തമായുള്ള അവർക്ക് മൊത്തം 62 മെഡലുകൾ ആണ് ഉള്ളത്. അതേസമയം ഇന്ന് 2 സ്വർണം മാത്രം തങ്ങളുടെ പേരിൽ ചേർക്കാനെ അമേരിക്കക്ക് സാധിച്ചിട്ടുള്ളു. അത്ലറ്റ്ക്സിൽ പ്രതീക്ഷിച്ച പോലെ സ്വർണം ലഭിക്കാതിരുന്ന അമേരിക്കക്ക് ആശ്വാസം ആയത് വനിത ഡിസക്‌സ് ത്രോയിൽ വലെരി ആൽമാൻ നേടിയ സ്വർണം ആണ്. ഇതോടെ അമേരിക്കക്ക് 22 സ്വർണവും 25 വെള്ളിയും 17 വെങ്കലവും അടക്കം 64 മെഡലുകൾ ആണ് ആകെയുള്ളത്. അത്ലറ്റിക്സ്, ഗുസ്തി തുടങ്ങിയവയിൽ മികവ് കാണിച്ചു ചൈനയെ വരും ദിനങ്ങളിൽ വീഴ്ത്താൻ ആവും അമേരിക്കൻ ശ്രമം.
അതേസമയം ഇന്ന് ഒരു സ്വർണവും തങ്ങളുടെ പേരിൽ ചേർക്കാൻ മൂന്നാമത് ഉള്ള ജപ്പാനോ നാലാമത് ഉള്ള ഓസ്‌ട്രേലിയക്കോ അഞ്ചാമത് ഉള്ള റഷ്യൻ ഒളിമ്പിക് കമ്മിറ്റിക്കോ സാധിച്ചില്ല. ജപ്പാന് 17 ഉം ഓസ്‌ട്രേലിയക്ക് 14 ഉം റഷ്യക്ക് 12 ഉം സ്വർണം ആണ് നിലവിലുള്ളത്. അതേസമയം ഇന്ന് ഒരു സ്വർണം സ്വന്തം പേരിൽ ചേർത്ത ബ്രിട്ടീഷ് ടീം തങ്ങളുടെ സ്വർണ നേട്ടം 11 ആക്കി ഉയർത്തി അഞ്ചാമതുള്ള റഷ്യക്ക് മുന്നറിയിപ്പ് നൽകി. അത്ലറ്റിക്സ്, സൈക്കിളിംഗ്, ഗുസ്തി തുടങ്ങി നിരവധി മെഡലുകൾ നൽകാനുള്ള ഇനങ്ങൾ വരും ദിനങ്ങളിൽ വരാനിരിക്കുന്നതിനാൽ തന്നെ മെഡൽ നിലയിൽ കാര്യമായ വ്യത്യാസങ്ങൾ തന്നെ വരും ദിനങ്ങളിൽ പ്രതീക്ഷിക്കാം. അതേസമയം മീരഭായ് ചാനുവിലൂടെ വെള്ളിയും പി.വി സിന്ധുവിലൂടെ ഒരു വെങ്കലവും സ്വന്തമായുള്ള ഇന്ത്യ നിലവിൽ 62 സ്ഥാനത്ത് ആണ്. അതേസമയം പുരുഷ ഹൈംജംപിൽ സ്വർണം പങ്ക് വച്ച ഖത്തർ താരം എസ്സ ബാർഷിമും ഇറ്റാലിയൻ താരം ജിയാൻമാർകോ തമ്പരിയും ഒരേ പോഡിയത്തിൽ സ്വർണം പരസ്പരം അണിയിച്ചു നിൽക്കുന്ന അവിസ്മരണീയമായ കാഴ്ചയും ഇന്ന് കണ്ടു. ഒളിമ്പിക് ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്വർണ മെഡൽ പങ്ക് വക്കപ്പെട്ടത്.