ഒളിമ്പിക്സ് വനിതാ വിഭാഗം 100 മീറ്റർ സ്പ്രിന്റ് ഫൈനലിൽ കണ്ടത് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പോരാട്ടം. ജമൈക്കൻ താരങ്ങൾ അണിനിരന്ന ഫൈനലിൽ 3 പേരും മെഡലുകൾ കയ്യിലാക്കി സ്പ്രിന്റിൽ ജമൈക്കൻ ആധിപത്യത്തിനു അടിവരയിട്ടു. വെറും 10.61 സെക്കന്റിൽ സ്പ്രിന്റ് പൂർത്തിയാക്കി പുതിയ ഒളിമ്പിക് റെക്കോർഡ് കുറിച്ച എലൈൻ തോംപ്സൻ റിയോ ഒളിമ്പിക്‌സിലെ തന്റെ 100 മീറ്റർ സ്വർണം നിലനിർത്തുകയും ചെയ്തു. നല്ല തുടക്കം ലഭിച്ച എലൈൻ റേസിൽ ഉടനീളം തന്റെ മുൻതൂക്കം നിലനിർത്തി.
രണ്ടു തവണ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് ആയ ഇതിഹാസ താരം ഷെല്ലി ആൻ ഫ്രേസർ ആണ് 35 മത്തെ വയസ്സിൽ വെള്ളി മെഡൽ സ്വന്തമാക്കിയത്. 10.74 സെക്കന്റുകൾ എന്ന തന്റെ സമീപകാലത്തെ മികച്ച സമയം ആണ് ഷെല്ലി കുറിച്ചത്. തൊട്ടുപിന്നാലെ നേരിയ വ്യത്യാസത്തിൽ 10.76 സെക്കന്റിൽ റേസ് പൂർത്തിയാക്കിയ ഷെറിക ജാക്സൻ വെങ്കലം കൊണ്ട് തൃപ്തിപ്പെടുക ആയിരുന്നു. ഇതിഹാസ താരം ഉസൈൻ ബോൾട്ടിന്റെ അഭാവത്തിലും ജമൈക്കൻ താരങ്ങൾ തന്നെ സ്പ്രിന്റ് ഇനങ്ങൾ ഭരിക്കും എന്ന സൂചനയാണ് വനിത 100 മീറ്റർ നൽകുന്നത്.