മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ ക്ഷമ നശിക്കുകയാണ് എന്ന് വേണം സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാക്കാൻ. ഒലെ ഗണ്ണാർ സോൾഷ്യാർ എന്ന ഏവരുടെയും ഇഷ്ട കഥാപാത്രം ഇപ്പോൾ വെറുപ്പും സമ്പാദിച്ചു തുടങ്ങുകയാണ്. ഒലെ എന്ന പരിശീലകന് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന വലിയ ചുമതല താങ്ങാൻ ആകുമോ എന്ന് തുടക്കം മുതൽ തന്നെ ചോദ്യങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴും ആ ചോദ്യം അങ്ങനെ തന്നെ നിർത്തുകയാണ് ഒലെ. മാഞ്ചസ്റ്റർ യുണൈറ്റഡിനെ 1999ൽ അവിശ്വസനീയമായി ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് എത്തിച്ച ഒലെയെ പക്ഷെ ഇപ്പോൾ ആരാധകർക്ക് വിശ്വാസമില്ല.
വിശ്വസിക്കാൻ ഉതകുന്നത് ഒന്നും ഒലെ ഈ രണ്ടര വർഷത്തിൽ ചെയ്തില്ല എന്ന് വേണം പറയാൻ. ഒരു മത്സരം വലിയ പ്രതീക്ഷകൾ നൽകുകയും അടുത്ത മത്സരത്തിൽ വലിയ നിരാശ നൽകുകയും ചെയ്യുന്ന അസ്ഥിരമായ പ്രകടനങ്ങൾ ആണ് ഒലെയ്ക്ക് കീഴിൽ എപ്പോഴും കണ്ടത്. ഒരു ചുവട് മുന്നോട്ട് രണ്ട് ചുവട് പിന്നോട്ട്. ഇത്ര കാലവും ഒലെയ്ക്ക് മികച്ച സ്ക്വാഡില്ല എന്ന പരാതി ആയിരുന്നു. എന്നാൽ ഇത്തവണ അങ്ങനെ ഒരു കാരണം പറഞ്ഞും ഒലെയെ ന്യായീകരിക്കാൻ ആവില്ല. സൂപ്പർ താരങ്ങളുടെ ഒരു നിരതന്നെ മാഞ്ചസ്റ്ററിൽ ഇപ്പോൾ ഉണ്ട്. അവരുടെ അറ്റാക്കും ഡിഫൻസും ലോക നിലവാരത്തിൽ ഉള്ളതാണ്. പക്ഷെ ഒലെയ്ക്ക് കീഴിൽ ഇവരൊക്കെ വെറും ശരാശരി കളിക്കാരെ പോലെ ആണ് കളിക്കുന്നത്.
മധ്യനിര പോരാ എന്നതും ഒലെക്ക് കാരണമായി നിരത്താൻ ആകില്ല. ഇത്രയും ട്രാൻസ്ഫർ വിൻഡോകൾ കിട്ടിയിട്ടും ഒരു നല്ല മധ്യനിര താരത്തിനെ കൊണ്ടു വരാൻ ഒലെക്ക് ആയില്ല എങ്കിൽ അത് അദ്ദേഹത്തിന്റെ തന്നെ പരാജയമാണ്. കൃത്യമായ ഒരു പ്ലാൻ ഇല്ലാതെ വ്യക്തിഗത മികവിൽ ആശ്രയിക്കുന്നതാണ് ഒലെയുടെ പതിവ്. ആദ്യ കാലങ്ങളിൽ കൗണ്ടറുകൾ യുണൈറ്റഡിനെ രക്ഷിച്ചു എങ്കിലും ഇപ്പോൾ അതിനു യുണൈറ്റഡ് നിരക്ക് ആകുന്നില്ല. ഒരു പാട് സെമി ഫൈനലുകളും ഫൈനലുകളും തോറ്റതും ഒലെയുടെ പരിശീലകൻ എന്ന നിലയിലെ കരുത്ത് ചോദ്യം ചെയ്യപ്പെടാൻ കാരണമാകുന്നു.
ടച്ച് ലൈനിൽ ഊർജ്ജമില്ലാതെ നിൽക്കുന്ന ഒലെയെ കണ്ട് താരങ്ങൾക്ക് എങ്ങനെ ഊർജ്ജം ലഭിക്കും എന്നാണ് വിമർശകർ ചോദിക്കുന്നത്. കഴിഞ്ഞ യൂറോപ്പ ലീഗ് ഫൈനൽ എന്ന പോലെ താരങ്ങളെ സബ്ബ് ചെയ്യാനുള്ള മടിയും ബെഞ്ചിലെ താരങ്ങളെ വിശ്വാസത്തിൽ എടുക്കാത്തതും ഒലെയുടെ പ്രശ്നങ്ങളാണ്. ദയനീയമായി കളിച്ചു കൊണ്ടിരുന്നിട്ടും ഫ്രെഡിനെ പോലുള്ള താരങ്ങളെ ഒന്ന് ആദ്യ ഇലവനിൽ നിന്ന് മാറ്റാൻ പോലും ഒലെ തയ്യാറാവുന്നില്ല. വാൻ ഡെ ബീകിനെ പോലുള്ളവരെ തഴയുന്നതും ആരാധകരെ രോഷാകുലരാക്കുന്നു.
ഈ സ്ക്വാഡിനെ പരിശീലിപ്പിക്കാൻ അറിയുന്ന ഒരു പരിശീലകന് ലഭിച്ചാൽ യുണൈറ്റഡിനെ കിരീട പോരാട്ടത്തിലേക്ക് ഉയർത്താൻ ആകും എന്ന് ഫുട്ബോൾ ലോകം വിശ്വസിക്കുന്നു. ഒലെ തീർച്ചയായും ടീമിനെ ഒരു സ്ക്വാഡ് എന്ന നിലയിൽ മുന്നോട്ട് കൊണ്ട് വന്നു എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രതാപ കാലത്തേക്ക് തിരിച്ചു പോവാൻ ഒലെ മതിയാകില്ല എന്ന് ഭൂരിപക്ഷവും പറയുന്നു. വലിയ മത്സരങ്ങൾ മുന്നിലിരിക്കെ ഇനിയും ഒലെയ്ക്ക് മാഞ്ചസ്റ്ററിൽ എത്ര കാലം ഉണ്ട് എന്ന ചോദ്യം മാത്രം ബാക്കി.