മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു കാലത്ത് സോൾഷ്യാറിന് വേണ്ടി പാടിയ പ്രശസ്തമായ ചാന്റിന്റെ അവസാന വരികൾ “പ്ലീസ് ഡോണ്ട് ടൈക്ക് മൈ സോൾഷ്യാർ എവേ” എന്നായിരുന്നു. ക്ലബും ആരാധകരും അത്രയേറെ സ്നേഹിച്ചിരുന്ന ഒലെ ഗണ്ണാർ സോൾഷ്യാർ. അന്ന് ക്ലബ് വിടരുതെന്ന് സോൾഷ്യറിനോട് എന്നും പറഞ്ഞു കൊണ്ടിരുന്ന യുണൈറ്റഡ് ആരാധ കൂട്ടം ഇന്ന് സോൾഷ്യാർ ക്ലബ് വിട്ടാൽ സന്തോഷിച്ചേക്കും. കാരണം യുണൈറ്റഡ് അത്തരമൊരു വലിയ കുഴിയിലാണ്.
സോൾഷ്യാർ മാത്രമല്ല ഇതിന് ഉത്തരവാാദികൾ. ക്ലബ് ഉടമകളു ക്ലബ് സി ഇ ഒ എഡ് വുഡ്വാർഡും തന്നെയാണ് ആദ്യ പ്രതികൾ. പക്ഷെ അവരിൽ നിന്ന് എന്തെങ്കിലും നല്ലത് ഇനിയും യുണൈറ്റഡ് ആരാധകർ പ്രതീക്ഷിക്കുന്നില്ല. ട്രാൻസ്ഫർ വിൻഡോയിൽ ആവശ്യമുള്ള താരങ്ങളെ വാങ്ങാതെ, ശരാശരി താരങ്ങളെയും വെച്ച് യുണൈറ്റഡ് മുന്നോട്ട് പോകുന്നതിൽ സന്തോഷവാന്മാരാണ് എഡ് വൂഡ്വാർഡും ഗ്ലേസേഴ്സും. അതുകൊണ്ട് തന്നെ ക്ലബിന്റെ വിജയവും പരാജയവും ഒന്നും അവരെ ബാധിക്കില്ല.
പക്ഷെ ഈ പരാജയങ്ങളുടെ പടു കുഴിയിലേക്ക് യുണൈറ്റഡ് വീഴുന്നതിൽ ഒലെയ്ക്കും പങ്കുണ്ട്. താരങ്ങളെ വാങ്ങാൻ ക്ലബ് ഉടമകൾ സമ്മതിക്കില്ല എന്നിരിക്കെ ലുകാകു, സാഞ്ചേസ്, ഹെരേര എന്നിവരെ ക്ലബ് വിടാൻ അനുവദിച്ച് ഒലെയുടെ തെറ്റാണ്. റാഷ്ഫോർഡ്, മാർഷ്യൽ എന്നിവർക്ക് യുണൈറ്റഡിന്റെ ഒന്നാം സ്ട്രൈക്കറാവാനുള്ള മികവില്ല എന്ന് തിരിച്ചറിയാൻ ആകാത്തതും ഒലെയുടെ തെറ്റാണ്.
അവസാന അഞ്ചു മത്സരങ്ങളിൽ യുണൈറ്റഡ് നേടിയത് രണ്ടു ഗോളുകളാണ്. റാഷ്ഫോർഡ് അവസാന ആറ് മാസങ്ങളിൽ ആകെ നേടിയത് രണ്ട് ഗോളുകൾ ആ രണ്ടും പെനാൾട്ടിയിൽ നിന്ന്. ലിംഗാർഡ് ഗോളടിച്ചതൊക്കെ യുണൈറ്റഡ് ആരാധകർ മറന്നിരിക്കുന്നു, മാർഷ്യൽ പരിക്കേറ്റു പോയതല്ലാതെ വരുന്നത് കാണുന്നില്ല. അവസാനം 17കാരനായ ഗ്രീൻവുഡിനെ ആശ്രയിക്കുകയാണ് ഒലെ ഒരു ഗോളിന് വേണ്ടി.
ക്രിയേറ്റിവിയി എന്നാൽ എന്തെന്ന് അറിയാത്ത താരങ്ങളാണ് യുണൈറ്റഡ് മധ്യനിരയിൽ ഉള്ളത്. ഒരു പോഗ്ബയല്ലാതെ ആർക്കെങ്കിലും ഒരു പന്ത് ഡിഫൻഡറെ കടത്തി പാസ് ചെയ്യാൻ വരെ അറിയില്ല എന്ന അവസ്ഥ. താരങ്ങൾ എത്ര മോശമായാലും ഒന്നും ചെയ്യാൻ ആവാതെ ഇരിക്കുകയാണ് ഒലെ. ജോസെ മൗറീനോയുടെ കാലത്ത് ഒരുപാട് വിമർശനങ്ങൾ ജോസെയിൽ നിന്ന് കേട്ടിരുന്ന താരങ്ങളാണ് ഇവർ. പക്ഷെ ഇപ്പോൾ എത്ര മോശമായി കളിച്ചാലും ഒലെ അവരെ അഭിനന്ദിക്കും. നിർഭാഗ്യമാണെന്ന് പറയും. കഴിഞ്ഞ മത്സരത്തിൽ ആൽക്മാറിനെതിരെ ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ വരെ യുണൈറ്റഡിനായിരുന്നില്ല. എന്നിട്ടും പ്രശംസ മാത്രമേ ഒലെയുടെ നാവിൽ ഉണ്ടായിരുന്നുള്ളൂ.
വാൻ ഹാലിന്റെ കീഴിൽ കളിച്ചതിനേക്കാൾ മോശമായാണ് യുണൈറ്റഡ് ഇപ്പോൾ കളിക്കുന്നത് എന്നതാണ് സത്യം. കൃത്യമായ ടാക്ടിക്സ് ഒലെയ്ക്ക് ഇല്ലാത്തതും പ്രശ്നമാണ്. പരാജയങ്ങൾ കാരണം ആത്മവിശ്വാസം തീരെ ഇല്ലാതിരിക്കുന്ന യുണൈറ്റഡിനെ ഒന്ന് ഉണർത്താൻ വരെ ഒലെയ്ക്ക് ആവുന്നില്ല. അതുകൊണ്ട് തന്നെ യുണൈറ്റഡിലെ ഒലെയുടെ കാലം അവസാനിക്കുന്നത് വിദൂരമല്ല എന്ന് കേണം കരുതാൻ. കൃത്യമായ ടാക്ടിക്സ് ഉള്ള പരിചയസമ്പത്തുള്ള പരിശീലകൻ വന്നാലെ യുണൈറ്റഡ് ഇത്തവണ ടേബിളിന്റെ ആദ്യ പകുതിയിൽ എങ്കിലും എത്താൻ സാധ്യതയുള്ളൂ. താരങ്ങളെ ഒക്കെ വാങ്ങി ഈ ടീമിനെ ഒലെ നല്ലതാക്കുന്ന സമയത്തേക്ക് യുണൈറ്റഡ് ചാമ്പ്യൻഷിപ്പിൽ എത്തുമോ എന്നാണ് ആരാധകർ ഭയക്കുന്നത്. ‘പ്ലീസ് ടേക്ക് മൈ സോൾഷ്യാർ എവേ’ എന്ന് ആരാധകർ ഉറക്കെ പാടുന്ന കാലം വിദൂരമല്ല.