കൊച്ചി: ആഗസ്റ്റ് 28, 2020: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിൽ ടീമിനെ നയിച്ച സെന്റർ ഫോർവേഡ് ബർത്തലോമിയോ ഒഗ്‌ബെച്ചെയുമായി കേരള ബ്ലാസ്റ്റേഴ്‌സ് വഴി പിരിഞ്ഞു. 35 വയസുകാരനായ മുൻ നൈജീരിയൻ താരം ഐഎസ്‌എല്ലിന്റെ ആറാം സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയിൽ എത്തിയത്. മുമ്പ് യൂറോപ്പിലുടനീളം നിരവധി ക്ലബുകൾക്കായി കളിച്ച ഫോർവേഡ് ഒഗ്‌ബെച്ചെ ക്ലബ്ബിന് നൽകിയ സേവനങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി കൃതജ്ഞതയും, അദ്ദേഹത്തിന്റെ ഭാവിക്ക് എല്ലാവിധ ആശംസകളും അറിയിച്ചു.
“ഈ വഴിപിരിയൽ അവിശ്വസനീയമാണ്, ഞാൻ ഈ മഹത്തായ ക്ലബ് വിടുകയാണ്. ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന വളരെ അഭിമാനവും സന്തോഷവും നിറഞ്ഞ എന്റെ സമയം ഞാൻ എപ്പോഴും ഓർക്കും. എന്റെ ടീമംഗങ്ങൾക്കും പരിശീലകർക്കും മാനേജുമെന്റിനും എല്ലാ സ്റ്റാഫുകൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ സീസണിൽ എല്ലായ്പ്പോഴും നിങ്ങൾ നൽകിയ സ്നേഹത്തിനും സ്ഥിരമായ പിന്തുണയ്ക്കും ആരാധകരോട് ഞാൻ എത്ര നന്ദിയുള്ളവനാണെന്ന് വിവരിക്കാൻ വാക്കുകൾ കൊണ്ട് കഴിയില്ല. ഭാവിയിൽ ക്ലബ്ബിന് ധാരാളം വിജയങ്ങൾ നേരുന്നു”, ക്ലബുമായി വഴിപിരിഞ്ഞുകൊണ്ട് ഓഗ്‌ബച്ചേ പറഞ്ഞു.
“അദ്ദേഹത്തെ പരിചയപ്പെട്ട ചുരുങ്ങിയ സമയത്തിനുള്ളിൽ, ക്ലബ്ബിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്കും പ്രൊഫഷണലിസത്തിനും ബാർട്ടിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കൊറോണ വൈറസ് മഹാമാരിയുടെ വെളിച്ചത്തിൽ ഞങ്ങൾ ഒരു പുതുക്കിയ ഓഫർ അദ്ദേഹത്തിന് നൽകി, പക്ഷേ അവസാനം ഞങ്ങൾ രണ്ടുപേരും വലിയ പരസ്പര ബഹുമാനത്തോടെ വഴിപിരിയുകയാണ്. അദ്ദേഹത്തിന്റെ ഭാവി പരിശ്രമങ്ങൾക്ക് ഞാൻ നന്മ നേരുന്നു”, ഒഗ്‌ബെച്ചെയുടെ വഴിപിരിയലിനെകുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറയുന്നു.