കൊറോണ വൈറസ് പകരുന്നത് ആശങ്ക ഉയർത്തുന്നു എങ്കിലും ടോക്കിയോ ഒളിമ്പിക്‌സ് മുമ്പ് പ്രഖ്യാപിച്ച പോലെ തന്നെ നടത്തും എന്നു ജപ്പാൻ സർക്കാർ പ്രതിനിധി. ജപ്പാൻ സർക്കാരും അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയും ഒരുമിച്ച് ഒളിമ്പിക്‌സ് ക്രമീകരണങ്ങളും ആയി മുന്നോട്ടു പോവുക ആണെന്ന് ജപ്പാൻ സർക്കാർ പ്രതിനിധി ആയ യോഷിണ്ടെ സുഗ വ്യക്തമാക്കി. നേരത്തെ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയിലെ മുതിർന്ന അംഗം ആയ റിച്ചാർഡ് പൗണ്ടിന്റെ അഭിപ്രായം ഒളിമ്പിക്‌സ് ഗെയിംസ് റദ്ദാക്കപ്പെടും എന്ന ആശങ്കക്ക് ബലം പകർന്നിരുന്നു.
3 മാസത്തിനുള്ളിൽ വൈറസ് നിയന്ത്രണവിധേയം ആയില്ലെങ്കിൽ ഒളിമ്പിക്‌സ് മത്സരങ്ങൾ നടക്കുന്ന കാര്യം സംശയമാണ് എന്നായിരുന്നു റിച്ചാർഡ് പൗണ്ട് പ്രതികരിച്ചത്. ലോകത്ത് എല്ലായിടത്തും നിന്നുള്ള ഏകദേശം 11,000 ത്തിൽ അധികം കായികതാരങ്ങൾ അണിനിരക്കുന്ന ഒളിമ്പിക്സ് ഈ വർഷം ജൂലൈ 24 നു ആണ് തുടങ്ങാനിരിക്കുന്നത്. 4,400 കായികതാരങ്ങൾ പങ്കെടുക്കുന്ന വികലാംഗരുടെ പാരാളിമ്പ്‌ക്‌സ് ആവട്ടെ ഓഗസ്റ്റ് 25 നും. റിച്ചാർഡ് പൗണ്ടിന്റെ അഭിപ്രായം ഒളിമ്പിക്‌സ് കമ്മിറ്റിയുടെ അഭിപ്രായം അല്ലെന്ന് വ്യക്തമാക്കിയ സുഗ മത്സരങ്ങൾ റദ്ദാക്കുന്നതോ മാറ്റി വക്കുന്നതിനെ പറ്റിയോ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി ഇത് വരെ ആലോചിച്ചു കൂടിയില്ല എന്നും വ്യക്തമാക്കി.
അതേസമയം ടോക്കിയോ ഒളിമ്പിക്‌സ് സംഘാടക സമിതി തലവൻ ആയ തോഷിരോ മുറ്റയും ഒളിമ്പിക്‌സ് സമയത്ത് തന്നെ നടക്കും എന്നു വ്യക്തമാക്കി. കൊറോണ വൈറസിൽ ആശങ്ക ഉണ്ട് എങ്കിലും സുരക്ഷിതമായ ഒളിമ്പിക്‌സ് നടത്താൻ ആവും എന്നു അദ്ദേഹം വ്യക്തമാക്കി. ലോകത്ത് ഏകദേശം 80,000 ത്തിൽ അധികം പേരെ ബാധിച്ച കൊറോണ വൈറസ് ഇത് വരെ ഏകദേശം 2,700 പേരുടെ ജീവൻ ആണ് എടുത്തത്. ജപ്പാനിൽ ആവട്ടെ ഇത് വരെ 5 മരണങ്ങൾ കൊറോണ വൈറസ് മൂലം സംഭവിച്ചു. അതിനിടയിൽ കൊറോണ വൈറസ് ആശങ്ക പല കായികതാരങ്ങളുടേതും ഒളിമ്പിക്‌സ് മുന്നൊരുക്കങ്ങളെയും മോശമായി ബാധിക്കുന്നു എന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
ജപ്പാൻ അധികൃതർ ഇങ്ങനെ പറയുന്നു എങ്കിലും മുൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഉപാധ്യക്ഷനും ലോക ഉദ്ദേജക വിരുദ്ധ സമിതിയുടെ ആദ്യ അദ്ധ്യക്ഷനും ആയ റിച്ചാർഡ് പൗണ്ടിന്റെ അഭിപ്രായം അത്ര എളുപ്പം തള്ളാൻ ആവില്ല. കാനഡക്ക് ആയി നീന്തലിൽ ഒളിമ്പിക്‌സിൽ ഇറങ്ങിയ താരം കൂടിയാണ് പൗണ്ട്. അതിനിടയിൽ കൊളംബിയൻ ടീം ജപ്പാനിൽ നടക്കുന്ന ഒളിമ്പിക്‌സ് മുന്നൊരുക്ക പരിശീലന ക്യാമ്പിൽ പങ്കെടുക്കില്ല എന്നും വ്യക്തമാക്കി. കൊറോണ വൈറസ് ലോകത്തിലെ ഏറ്റവും വലിയ കായികമേളക്ക് മേൽ വില്ലൻ ആയി അവതരിക്കുമോ എന്നു നമുക്ക് കാത്തിരുന്നു തന്നെ കാണാം.