മെമോ ഒചോവ എന്ന ഗോൾകീപ്പർക്ക് ഖത്തർ ലോകകപ്പ് ആകുമ്പോഴേക്ക് 37 വയസ്സാകും. ഒരു ലോകകപ്പിന് കൂടെ ഒചോവ വരുമോ എന്ന് ഉറപ്പില്ല. പക്ഷെ ഈ തലമുറ മെക്സിക്കോ എന്ന ടീമിനെ കുറിച്ച് ഓർക്കുമ്പോൾ ആദ്യ വരുന്ന മുഖം ഒചോവയുടേതാകാം. ഇന്ന് പ്രീ ക്വാർട്ടറിൽ ബ്രസീലിനോട് ഒചോവ ഒറ്റയ്ക്ക് നിന്നായിരുന്നു പൊരുതിയത്. 8 സേവുകളാണ് താരം നടത്തിയത്. അതിൽ പലതും ഈ ലോകകപ്പ് കണ്ട് മികച്ച സേവുകളായി തന്നെ നിലനിൽക്കും.
ഈ ലോകകപ്പിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സേവുകൾ എന്ന റെക്കോർഡും ഒചോവയ്ക്കാണ്. ജർമ്മിനിക്കെതിരെ നടത്തിയ 9 സേവുകളാണ് ഒചോവയെ ആ നേട്ടത്തിൽ എത്തിച്ചത്. ഒരു ലോകകപ്പ് മത്സരത്തിൽ 9 സേവുകൾ എന്നത് മെക്സിക്കോയുടെ ലോകകപ്പ് ചരിത്രത്തിലെയും റെക്കോർഡാണ്. 1966 മുതൽ ഇങ്ങോട്ട് ഇതുവരെ ഒരു ഗോൾകീപ്പറും 9 സേവുകൾ മെക്സിക്കോയ്ക്കായി ഒരു മത്സരത്തിൽ ചെയ്തിട്ടില്ല. ഇതുകൂടാതെ ജർമ്മനിക്കും ബ്രസീലിനുമെതിരെ ലോകകപ്പിൽ ക്ലീൻഷീറ്റ് സ്വന്തമാക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ ഗോൾകീപ്പറായും ഒചോവ മാറിയിരുന്നു. പോളണ്ടിന്റെ പഴയ ഗോൾകീപ്പർ യാ തൊമസേസ്കി ആണ് 1974ലും 78ലുമായി ഈ നേട്ടത്തിൽ മുമ്പ് എത്തിയിട്ടുള്ളത്.
മെക്സിക്കോയുടെ ജേഴ്സി അണിഞ്ഞാൽ മാത്രം ലോകോത്തര മികവിലേക്ക് ഉയരുന്ന താരമാണ് ഒചോവ. ക്ലബ് തലത്തിൽ ഇപ്പോൾ ബെൽജിയം ലീഗിൽ ഒചോവക്ക് കളിക്കേണ്ടി വരുന്നതും അതുകൊണ്ടാണ്. നാലു വർഷങ്ങൾക്ക് മുമ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീലിനെതിരെ നടത്തിയ പ്രകടനമായിരുന്നു ഒചോവയെ എല്ലാവരുടെയും ശ്രദ്ധയിൽ കൊണ്ടുവന്നത്. ഇന്ന് അതേ ബ്രസീലിനെതിരെ തന്നെ തന്റെ മികവ് തുടർന്ന് കൊണ്ട് ഒചോവ മടങ്ങുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial