ബേ ഓവറില്‍ 101 റണ്‍സിന്റെ തോല്‍വിയാണ് പാക്കിസ്ഥാന് ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാല്‍ ടീമിന് തലയയുര്‍ത്തി മടങ്ങാം. അവസാന ദിവസം ബാറ്റിംഗിനിറങ്ങുമ്പോള്‍ പാക്കിസ്ഥാന് ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിപ്പിക്കണമെങ്കില്‍ അത്ഭുത പ്രകടനം കാഴ്ചവയ്ക്കണമെന്ന് നിലയില്‍ ആയിരുന്നു. അവിടുന്ന മത്സരത്തിന്റെ അവസാന നാലോവര്‍ വരെ പിടിച്ച് നില്‍ക്കുവാന്‍ പാക്കിസ്ഥാന് സാധിച്ചുവെങ്കിലും 271 റണ്‍സിന് ടീമിന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ച് ന്യൂസിലാണ്ട് വിജയം ഉറപ്പാക്കി.
വിജയത്തോടെ 60 പോയിന്റുമായി ന്യൂസിലാണ്ട് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഒന്നാം സ്ഥാനക്കാരായി മാറി. ഫവദ് അലം ശതകം നേടി മുഹമ്മദ് റിസ്വാനോടൊപ്പം ചെറുത്ത് നില്പ് നടത്തിയെങ്കിലും അധികം വൈകാതെ ന്യൂ ബോള്‍ എടുത്ത ന്യൂസിലാണ്ടിന് അതിന്റെ ഗുണം കിട്ടി. കൈല്‍ ജാമിസണ്‍ 60 റണ്‍സ് നേടിയ റിസ്വാനെ പുറത്താക്കിയപ്പോള്‍ അധികം വൈകാതെ 102 റണ്‍സ് നേടിയ ഫവദ് അലമിനെ നീല്‍ വാഗ്നര്‍ മടക്കി.
75/4 എന്ന നിലയില്‍ നിന്ന് 240/5 എന്ന നിലയിലേക്ക് ടീമിനെ എത്തിക്കുവാന്‍ മുഹമ്മദ് റിസ്വാന്‍-ഫവദ് അലം കൂട്ടുകെട്ടിന് സാധിച്ചുവെങ്കിലും പിന്നീട് മത്സരത്തില്‍ ന്യൂസിലാണ്ട് പിടിമുറുക്കി. ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, കൈല്‍ ജാമിസണ്‍, നീല്‍ വാഗ്നര്‍, മിച്ചല്‍ സാന്റനര്‍ എന്നിവര്‍ ആതിഥേയര്‍ക്കായി രണ്ട് വീതം വിക്കറ്റ് നേടി.