ലങ്കയ്ക്കെതിരെ മൂന്നാം ദിവസം കളി പുരോഗമിക്കവേ ന്യൂസിലാണ്ട് വലിയ തകര്‍ച്ചയിലേക്ക് വീഴുകയായിരുന്നു. 124/6 എന്ന നിലയിലേക്ക് വീണ ടീം ലങ്കയ്ക്ക് മുന്നില്‍ പൊരുതാവുന്ന സ്കോര്‍ പോലും നേടാനാകാതെ പുറത്താകുമെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് കണ്ടത് വാട്ളിംഗിനൊപ്പം ന്യൂസിലാണ്ട് വാലറ്റത്തിന്റെ ചെറുത്ത്നില്പിന്റെ കഥയായിരുന്നു. വാട്ളിംഗ് താന്‍ പലപ്പോഴായി ചെയ്തിട്ടുള്ളത് പോലെ ന്യൂസിലാണ്ടിന്റെ രക്ഷയ്ക്കെത്തി. 77 റണ്‍സാണ് താരം നേടിയത്. നാലാം ദിവസം ആദ്യ സെഷനില്‍ പുറത്താകുമ്പോള്‍ താരം രണ്ട് നിര്‍ണ്ണായക കൂട്ടുകെട്ടുകള്‍ പുറത്തെടുത്തിരുന്നു.
23 റണ്‍സ് നേടിയ ടിം സൗത്തിയുമായി ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 54 റണ്‍സിന്റെ കൂട്ടുകെട്ടാണ് വാട്ളിംഗ് നേടിയത്. വില്യം സോമര്‍വില്ലേയും(40*), അജാസ് പട്ടേലും(14) ടെസ്റ്റിലെ തങ്ങളുടെ മികച്ച കൂട്ടുകെട്ടുകള്‍ പുറത്തെടുത്തപ്പോള്‍ ട്രെന്റ് ബോള്‍ട്ട് നേടിയത് 26 റണ്‍സായിരുന്നു. തളര്‍ന്ന് തുടങ്ങിയ ശ്രീലങ്കന്‍ ബൗളര്‍മാര്‍ തങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്നു വലിയ ആധിപത്യം ആണ് കൈവിട്ടത്.
അവസാന നാല് വിക്കറ്റില്‍ ന്യൂസിലാണ്ട് 161 റണ്‍സാണ് നേടിയത്. തങ്ങളുടെ ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് നിര നേടിയതിലും അധികം റണ്‍സ് വാലറ്റവും വാട്ളിംഗും ചേര്‍ന്ന നേടി ന്യൂസിലാണ്ടിന്റെ രക്ഷയ്ക്കെത്തുകയായിരുന്നു. 268 റണ്‍സാണ് ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ നേടേണ്ടത്. തങ്ങള്‍ ആദ്യ ഇന്നിംഗ്സില്‍ നേടിയതിനെക്കാള്‍ ഒരു റണ്‍സ് അധികം. വിജയിക്കാനാകുന്ന സ്കോറാണ് ഇതെന്നൊന്നും ന്യൂസിലാണ്ടിന് അവകാശപ്പെടാനാകില്ല, എന്നാല്‍ ഇത് പൊരുതാവുന്ന സ്കോറാണ് എന്ന ആത്മവിശ്വാസത്തോടെയാണ് ന്യൂസിലാണ്ട് ബൗളിംഗിനായി ഇറങ്ങുക.