പാക്കിസ്ഥാനിലേക്ക് പര്യടനം നടത്തുവാനുള്ള പിസിബിയുടെ ക്ഷണം നിരസിച്ച് ന്യൂസിലാണ്ട്. 15 വര്‍ഷത്തിനിടെ ആദ്യമായിട്ട് പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാന്‍ എത്തണമെന്നായിരുന്നു പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ ആവശ്യം. ഒക്ടോബറില്‍ യുഎഇയില്‍ വെച്ച് പാക്കിസ്ഥാനെ ന്യൂസിലാണ്ട് നേരിടുന്നുണ്ട്. മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അത്ര തന്നെ ടി20യുമാണ് പാക്കിസ്ഥാനെതിരെ യുഎഇയില്‍ ന്യൂസിലാണ്ട് കളിക്കുക. ഇതില്‍ ടി20 മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ നടത്തുവാനുള്ള ശ്രമങ്ങളാണ് പാക് ബോര്‍ഡ് ശ്രമിച്ചതെങ്കിലും അത് വിജയം കണ്ടില്ല.
സുരക്ഷ ടീമിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തങ്ങള്‍ പിന്മാറുന്നതെന്നാണ് ന്യൂസിലാണ്ട് ക്രിക്കറ്റ് ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ അറിയിച്ചത്. ന്യൂസിലാണ്ട് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ അത് ബോര്‍ഡിനു മറ്റു ടീമുകളെ ക്ഷണിക്കുവാനുള്ള ആത്മവിശ്വാസം നല്‍കിയെനെ. തങ്ങളുടെ തീരുമാനം വിഷമമുണ്ടാക്കുന്നതാണെങ്കിലും പാക്കിസ്ഥാന്‍ മനസ്സിലാക്കുമെന്നാണ് ബാര്‍ക്ലേ പറഞ്ഞത്.
2009ല്‍ ശ്രീലങ്കന്‍ ടീമിനെതിരെ തീവ്രവാദി ആക്രമണമുണ്ടായ ശേഷം യുഎഇയാണ് പാക്കിസ്ഥാന്റെ ഹോം ഗ്രൗണ്ട്. സിംബാബ്‍വേയാണ് അടുത്തിടെ ലാഹോറില്‍ സന്ദര്‍ശനം നടത്തിയ മറ്റൊരു ടീം. ലോക ഇലവനും വിന്‍ഡീസ് രണ്ടാം നിരയും പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്തിരുന്നുവെങ്കിലും അന്താരാഷ്ട്ര തലത്തില്‍ രാജ്യങ്ങളുടെ ആത്മവിശ്വാസം പിടിച്ചെടുക്കുവാന്‍ ഇതുവരെ പാക് ബോര്‍ഡിനു ആയിട്ടില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial