ഇന്ത്യയ്ക്കെതിരെ ആശ്വാസ ജയവുമായി ന്യൂസിലാണ്ട് വനിതകള്‍

Sports Correspondent

പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നപ്പോള്‍ ന്യൂസിലാണ്ടിനു ആശ്വാസ ജയം. ഇന്ന് മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 149 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 29.2 ഓവറില്‍ വിജയം കുറിച്ച് ന്യൂസിലാണ്ട് പരമ്പരയിലെ ആശ്വാസ ജയം കണ്ടെത്തി. 52 റണ്‍സ് നേടിയ ദീപ്തി ശര്‍മ്മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ബാറ്റിംഗില്‍ തിളങ്ങിയത്. ഹര്‍മ്മന്‍പ്രീത് കൗര്‍ 24 റണ്‍സ് നേടി. 44 ഓവറിലാണ് ഇന്ത്യ ഓള്‍ഔട്ട് ആയത്. ന്യൂസിലാണ്ടിനായി അന്ന പീറ്റേര്‍സണ്‍ നാലും ലിയ തഹാഹു മൂന്നും വിക്കറ്റ് നേടി. അമേലിയ കെറിനു രണ്ട് വിക്കറ്റും ലഭിച്ചു.

ന്യൂസിലാണ്ടിനായി സൂസി ബെയ്റ്റ്സ്, ആമി സാറ്റെര്‍ത്‍വൈയ്റ്റ് എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ നേടി. സൂസി 57 റണ്‍സ് നേടി പുറത്തായപ്പോള്‍ ആമി 66 റണ്‍സുമായി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു. 30 ഓവറിനുള്ളിലാണ് ന്യൂസിലാണ്ട് എ്ട്ട വിക്കറ്റ് വിജയം ഉറപ്പിച്ചത്.