ഫോറസ്റ്റിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന ആവേശകരമായ പ്രീമിയർ ലീഗ് പോരാട്ടത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ റയാൻ ഷെർക്കി നേടിയ ഗോളാണ് സിറ്റിക്ക് നിർണ്ണായക വിജയം സമ്മാനിച്ചത്.

ഈ വിജയത്തോടെ 18 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ഒരു മത്സരം കുറച്ച് കളിച്ച ആഴ്സണൽ 39 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.
ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി ആധിപത്യം പുലർത്തിയെങ്കിലും ഗോൾ നേടാൻ സാധിച്ചിരുന്നില്ല. എർലിംഗ് ഹാലണ്ടും ഫിൽ ഫോഡനും നടത്തിയ മുന്നേറ്റങ്ങൾ ഫോറസ്റ്റ് പ്രതിരോധത്തിന് മുന്നിൽ പരാജയപ്പെട്ടു. എന്നാൽ രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റിനുള്ളിൽ സിറ്റി ആദ്യ ഗോൾ നേടി. റയാൻ ഷെർക്കി നൽകിയ കൃത്യമായ പാസ് സ്വീകരിച്ച് തിജാനി റെയ്ൻഡേഴ്സ് പന്ത് വലയിലെത്തിക്കുകയായിരുന്നു. ഈ സീസണിൽ റെയ്ൻഡേഴ്സ് നേടുന്ന നാലാം ഗോളാണിത്.
എന്നാൽ വെറും ആറ് മിനിറ്റിനുള്ളിൽ ഫോറസ്റ്റ് ഒപ്പമെത്തി. 54-ാം മിനിറ്റിൽ ഇഗോർ ജീസസ് നൽകിയ പന്ത് ഉജ്ജ്വലമായ വോളിയിലൂടെ ഒമാരി ഹച്ചിൻസൺ വലയിലാക്കി. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ 83-ാം മിനിറ്റിൽ സിറ്റി വിജയഗോൾ കണ്ടെത്തി. കോർണറിൽ നിന്ന് ജോസ്കോ ഗ്വാർഡിയോൾ നൽകിയ ഹെഡർ പാസ് സ്വീകരിച്ച് റയാൻ ഷെർക്കി ഉഗ്രനൊരു ഷോട്ടിലൂടെ സിറ്റിക്ക് ലീഡ് സമ്മാനിച്ചു.









