നോർത്ത് ഈസ്റ്റിന് ലീഗിലെ ആദ്യ തോൽവി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റിന് ഈ സീസണിലെ ആദ്യ പരാജയം. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിലണ് നോർത്ത് ഈസ്റ്റ് പതറിയത്. ഗുവാഹത്തിയിൽ മുംബൈ സിറ്റിയെ നേരിട്ട നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിനാണ് തോറ്റത്. ഹൈലാൻഡേഴ്സ് സീസണിൽ ഇതുവരെ ഹോം ഗ്രൗണ്ടിൽ വിജയിക്കാൻ ആയിട്ടില്ല എന്നത് ആവർത്തിക്കുന്നതാണ് ഇന്നും കണ്ടത്.

കളിയുടെ ആറാം മിനുട്ടിൽ വീണ ഗോളിനു മുന്നിലാണ് നോർത്ത് ഈസ്റ്റ് പരാജയപ്പെട്ടത്. അർണോൾഡ് ഇസോകോ ആയിരുന്നു മുംബൈ സിറ്റിക്ക് ഗോളിലൂടെ മികച്ച തുടക്കം നൽകിയത്. മക്കാഡോയുടെ ക്രോസിൽ നിന്ന് ആയിരുന്നു ഇസോകോയുടെ ഗോൾ. ക്രോസ് ഇസോകോയുടെ നെഞ്ചിൽ തട്ടി നോർത്ത് ഈസ്റ്റിന്റെ ഗോളി പവൻ കുമാറിന്റെ കൈയിലേക്ക് പോയി. പക്ഷെ പവൻ കുമാർ പന്തും പിടിച്ച ഗോൾ ലൈൻ കടന്നു എന്ന് റഫറി വിധിക്കുകയായിരുന്നു. ഗോൾ ഒഴിച്ചാൽ കളിയിൽ മുഴുവൻ ആധിപത്യം നോർത്ത് ഈസ്റ്റിനായിരുന്നു. സമനിലക്കായി സുവർണ്ണവസരങ്ങൾ നോർത്ത് ഈസ്റ്റിന് ലഭിച്ചിരുന്നു എങ്കിലും ഒന്നും ഫലം കണ്ടില്ല.

നോർത്ത് ഈസ്റ്റിന്റെ സ്റ്റാർ സ്ട്രൈക്കറും ക്യാപ്റ്റനുമായ ഒഗ്ബെചെയുടെ ഇന്നത്തെ പ്രകടനം മോശമായതും ഹോം ടീമിന് വിനയായി. ഗോളെന്ന് ഉറച്ച അവസരം വരെ ഒഗ്ബെചെക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ഇന്നത്തെ ജയം മുംബൈ സിറ്റിയുടെ തുടർച്ചയായ മൂന്നാം ജയമാണ്. ലീഗിൽ ഇപ്പോൾ 13 പോയന്റായി മുംബൈക്ക്. ലീഗിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്കും 13 പോയന്റാണ് ഉള്ളത്.