ഈ സീസണ്‍ അവസാനത്തില്‍ തനിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് റിട്ടയര്‍ ചെയ്യുവാന്‍ പദ്ധതിയൊന്നുമില്ലെന്ന് അറിയിച്ച് ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍. ഇന്ന് വിളിച്ച് ചേര്‍ത്ത പത്ര സമ്മേളനത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. 2022ലെ ആഷസ് പരമ്പര വരെ കളിക്കുവാനാണ് ഇപ്പോളത്തെ തീരുമാനമെന്നും ആന്‍ഡേഴ്സണ്‍ വ്യക്തമാക്കി.
ആന്‍ഡേഴ്സണ്‍ ഈ സീസണിന് ശേഷം വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി തുടരുന്നതിനിടയ്ക്കാണ് ഇംഗ്ലണ്ടിനായി ഏറ്റവും അധികം വിക്കറ്റ് നേടിയിട്ടുള്ള താരം തന്നെ മുന്നോട്ട് വന്ന് ഇതില്‍ വ്യക്തത വരുത്തിയത്. ഒരു മോശം മത്സരത്തിന് ശേഷം ഇത്തരം അഭ്യൂഹങ്ങള്‍ പരക്കുന്നത് തീരെ അനുയോജ്യമായ കാര്യമല്ലെന്നും ആന്‍ഡേഴ്സണ്‍ അഭിപ്രായപ്പെട്ടു.
ഇംഗ്ലണ്ട് ടീമില്‍ തുടരുവാന്‍ പാക്കിസ്ഥാനെതിരെയുള്ള ആദ്യ ടെസ്റ്റിലെ തന്റെ ബൗളിംഗ് പ്രകടനത്തിലും മികച്ച പ്രകടനം വേണമെന്ന് താരം സമ്മതിക്കുകയും ചെയ്തു. മത്സരത്തില്‍ നിന്ന് ഒരു വിക്കറ്റ് മാത്രമാണ് താരത്തിന് ലഭിച്ചത്. അതേ സമയം ബെന്‍ സ്റ്റോക്സ് ആബിദ് അലി നല്‍കിയ അവസരം കൈവിട്ടിരുന്നു.
മികച്ച രീതിയില്‍ പന്തെറിയാത്ത സാഹചര്യത്തില്‍ ഇത്തരം ക്യാച്ചുകള്‍ നഷ്ടപ്പെടുക കൂടി ചെയ്യുമ്പോള്‍ താരങ്ങള്‍ വളരെ അധികം അസ്വസ്ഥരാകാറുണ്ടെന്നും ജെയിംസ് ആന്‍ഡേഴ്സണ്‍ അഭിപ്രായപ്പെട്ടു.