തനിക്കവാര്‍ഡൊന്നും വേണ്ട, പക്ഷേ തന്റെ കോച്ചിന് ബഹുമതി നല്‍കണം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ ബോക്സര്‍മാരില്‍ ഇപ്പോള്‍ ഏറ്റവും മികച്ച് നില്‍ക്കുന്ന താരം അമിത് പംഗാല്‍ ആണ്. ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ അമിത് ഈ അടുത്ത് അവസാനിച്ച ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരം എന്ന ബഹുമതി നേടിയിരുന്നു. അടുത്ത കാലത്തായി ഒട്ടേറെ മികച്ച ബോക്സിംഗ് പ്രകടനങ്ങള്‍ പുറത്തെടുത്തുവെങ്കിലും താരത്തിനെ അര്‍ജ്ജുന അവാര്‍ഡിന് പരിഗണിച്ചിരുന്നില്ല.

ഇതിന് കാരണം 2012ല്‍ താരം ഡോപ് ടെസ്റ്റില്‍ പരാജയപ്പെട്ടു എന്ന കാര്യമായിരുന്നു. താരം ചിക്കന്‍ പോക്സിന് ചികിത്സ നേടേണ്ടി വന്നിരുന്ന സമയത്ത് നടന്ന ടെസ്റ്റായതിനാലാണ് ഈ ഡോപ്പിംഗ് ടെസ്റ്റില്‍ താരം പരാജയപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. തനിക്ക് അവാര്‍ഡൊന്നും ലഭിച്ചില്ലെങ്കിലും താന്‍ അത്ര വ്യാകുലനല്ലെന്ന് പറഞ്ഞ് അമിത് എന്നാല്‍ തന്റെ മുന്‍ കോച്ചായ അനില്‍ ധനകറിന് ദ്രോണാാര്യ അവാര്‍ഡ് കൊടുക്കണമെന്നാണ് പറയുന്നത്.

തന്റെ ആദ്യ കാലങ്ങളില്‍ തന്നെ മെച്ചപ്പെടുത്തി കൊണ്ടു വന്നതില്‍ ഏറ്റവും പ്രധാനിയായ താരം അനില്‍ ആണെന്നും അദ്ദേഹം ഇല്ലായിരുന്നുവെങ്കില്‍ താന്‍ ഒരിക്കലും ബോക്സര്‍ അകില്ലെന്നും അമിത് പംഗാല്‍ പറഞ്ഞു. 2008ല്‍ താന്‍ ബോക്സിംഗ് ആരംഭിയ്ക്കുന്ന സമയം മുതല്‍ തനിക്ക് പിന്നില്‍ ശില പോലെ ഉറച്ച് നിന്നയാളാണ് അനിലെന്നും അദ്ദേഹത്തിന് ഒരു അവാര്‍ഡ് നല്‍കിയാല്‍ താന്‍ ഏറെ സന്തോഷവാനാകുമെന്നും അമിത് പംഗാല്‍ പറഞ്ഞു.

അനില്‍ ഒരു ദേശീയ ബോക്സിംഗ് ടീമിലും പരിശീലകന്റെ റോളില്‍ ഇല്ലായിരുന്നുവെങ്കിലും ഒരു കാലത്തെ ബോക്സിംഗിലെ ദേശീയ നിലയില്‍ മെഡല്‍ നേടിയിട്ടുള്ള താരമാണ് ഈ 45 വയസ്സുകാരന്‍.

തന്റെ പേര് എല്ലാ വര്‍ഷവും അര്‍ജ്ജുന അവാര്‍ഡിന് അയയ്ക്കുന്ന ബോക്സിംഗ് ഫെഡറേഷനും അമിത് ഏറെ നന്ദി പറഞ്ഞു. ബോക്സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പറയുന്നത് തനിക്ക് അര്‍ജ്ജുന അവാര്‍ഡ് ലഭിയ്ക്കുന്ന വരെ തന്റെ പേര് എന്ത് വന്നാലും അയയ്ക്കുമെന്നാണ്, ഈ പരിഗണനയ്ക്ക് ഏറെ നന്ദിയുണ്ടെന്ന് അമിത് പറഞ്ഞു. തനിക്ക് തന്റെ രാജ്യത്തിന് വേണ്ടി മെഡലുകള്‍ നേടുവാന്‍ സാധിക്കുന്നിടത്തോളം കാര്യം തനിക്ക് മറ്റ് അവാര്‍ഡുകളെക്കുറിച്ച് ചിന്തയൊന്നുമില്ലെന്നും അമിത് പറഞ്ഞു.

തന്റെ അടുത്ത ഏറ്റവും വലിയ വെല്ലുവിളി ഏഷ്യന്‍ ഒളിമ്പിക്സ് യോഗ്യത ടൂര്‍ണ്ണമെന്റാണെന്നും അമിത് പറഞ്ഞു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചൈനയില്‍ വെച്ചാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്. ഈ വെല്ലുവിളിയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ താന്‍ നടത്തി വരികയാണെന്നും അമിത് പറഞ്ഞു.