ഐപിഎല്‍ ഉപേക്ഷിക്കുന്നതിന്റെ ക്ഷീണം ക്രിക്കറ്റിന് തന്നെയാവും, ലോകകപ്പിനെക്കാള്‍ വരുമാനം സൃഷ്ടിക്കുക ഐപിഎല്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎല്‍ ഉപേക്ഷിക്കുകയാണെങ്കില്‍ അതിന്റെ നഷ്ടം ക്രിക്കറ്റ് ലോകത്തിന് തന്നെയാവുമെന്ന് അഭിപ്രായപ്പെട്ട് സുന്ദര്‍ രാമന്‍. മുന്‍ ഐപിഎല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് സുന്ദര്‍ രാമന്‍. ഇപ്പോള്‍ കൊറോണ മൂലം ലോകം തന്നെ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോള്‍ കായിക മത്സരങ്ങള്‍ ഉപേക്ഷിക്കേണ്ട സാഹചര്യമാണുള്ളത്.

വരും മാസങ്ങളില്‍ ക്രിക്കറ്റ് പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഏവരും. എന്നാല്‍ ഐപിഎല്‍ എപ്പോള്‍ നടത്തുമെന്ന ചര്‍ച്ചയാണ് നടന്ന് കൊണ്ടിരിക്കുന്നത്. ലോകകപ്പിനെ മാറ്റിയായാലും ഐപിഎല്‍ നടത്തണമെന്നാണ് സുന്ദര്‍ രാമന്റെ പക്ഷം. അതിന് പ്രധാന കാരണമായി അദ്ദേഹം പറയുന്നത് സാമ്പത്തിക കാര്യം തന്നെയാണ്.

ഐപിഎല്‍ സൃഷ്ടിക്കുന്ന വരുമാനം ഐസിസിയിലെ മൂന്ന് മുതല്‍ നാല് ബോര്‍ഡുകളുടെ ബ്രോഡ്കാസ്റ്റിംഗ് തുകയിലും വലുതാണെന്നാണ് സുന്ദര്‍ രാമന്‍ പറയുന്നത്. ലോക ക്രിക്കറ്റിന്റെ 40% വരുമാനത്തോളം ഐപിഎല്‍ ഒറ്റയ്ക്ക് സൃഷ്ടിക്കുന്നുണ്ടെന്ന് രാമന്‍ വ്യക്തമാക്കി. 2020 ടി20 ലോകകപ്പിലും അധികം വരുമാനം ഐപിഎല്‍ സൃഷ്ടിക്കുമെന്നാണ് നേരത്തെ തന്നെയുള്ള കണക്കുകള്‍ എന്നും അദ്ദേഹം വ്യക്തമാക്കി.

2019 ലോകകപ്പിനെക്കാള്‍ 30 ശതമാനം അധിക വരുമാനം ഐപിഎല്‍ 2019 നേടിയിരുന്നുവെന്നും രാമന്‍ അഭിപ്രായപ്പെട്ടു. ഇതെല്ലാം അവഗണിച്ച് ഐപിഎല്‍ ഉപേക്ഷിക്കുക എന്നത് പ്രായോഗിക കാര്യമല്ലെന്നും ക്രിക്കറ്റ് മടങ്ങിയെത്തുമ്പോള്‍ ഐപിഎല്‍ നടത്തിപ്പിന് മുന്‍ഗണന നല്‍കണമെന്നും സുന്ദര്‍ രാമന്‍ വ്യക്തമാക്കി.