ഡല്‍ഹി ക്യാപിറ്റൽസിനെതിരെ വിജയം കുറിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഷാര്‍ജ്ജയിലെ പിച്ചിൽ ഒരു സിക്സ് പോലും നേടാനാകാതെ ഡല്‍ഹി ബാറ്റിംഗ് നിര ബുദ്ധിമുട്ടിയപ്പോള്‍ കൊല്‍ക്കത്ത 7 സിക്സുകള്‍ അടക്കം 18.2 ഓവറിലാണ് 7 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നത്.
ഡല്‍ഹിയെ പോലെ മെല്ലെ തുടങ്ങിയ കൊല്‍ക്കത്ത ഒരു ഘട്ടത്തിൽ 67/4 എന്ന നിലയിലേക്ക് വീണുവെങ്കിലും നിതീഷ് റാണയും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് ലളിത് യാദവ് എറിഞ്ഞ 14ാം ഓവറിൽ 20 റൺസ് നേടി കൊല്‍ക്കത്തയ്ക്ക് മത്സരത്തിൽ മേല്‍ക്കൈ നല്‍കി.
എന്നാൽ തൊട്ടടുത്ത ഓവറിൽ അവേശ് ഖാന്‍ കാര്‍ത്തിക്കിനെ(12) പുറത്താക്കിയതോടെ മത്സരം വീണ്ടും ഒപ്പത്തിനൊപ്പമായി മാറി. കാഗിസോ റബാഡയെറിഞ്ഞ 16ാം ഓവറിൽ സുനിൽ നരൈന്‍ തന്റെ പതിവു ശൈലിയിൽ ബാറ്റ് വീശിയപ്പോള്‍ ലക്ഷ്യം നാലോവറിൽ 9 റണ്‍സായി ചുരുങ്ങി. രണ്ട് സിക്സും ഒരു ഫോറും അടക്കം നരൈന്‍ അടിച്ച് തകര്‍ത്തപ്പോള്‍ ഓവറിൽ നിന്ന് 21 റൺസാണ് പിറന്നത്.
തൊട്ടടുത്ത ഓവറിൽ നരൈന്‍ പുറത്തായെങ്കിലും 10 പന്തിൽ 21 റൺസ് നേടിയ നരൈന്റെ കാമിയോ മത്സരം ഡല്‍ഹിയിൽ നിന്ന് തട്ടിയെടുക്കുവാന്‍ പോന്നതായിരുന്നു. നരൈന്‍ പുറത്താകുമ്പോള്‍ 18 പന്തിൽ 6 റൺസായിരുന്നു 4 വിക്കറ്റ് കൈവശമുള്ള കൊല്‍ക്കത്ത നേടണ്ടിയിരുന്നത്.
ബൗണ്ടറി നേടി കൊല്‍ക്കത്തയുടെ വിജയ റൺസ് നേടിയ നിതീഷ് റാണ പുറത്താകാതെ 36 റൺസ് നേടിയപ്പോള്‍ ശുഭ്മന്‍ ഗിൽ 30 റൺസ് നേടി. ഡല്‍ഹിയ്ക്ക് വേണ്ടി അവേശ് ഖാന്‍ 3 വിക്കറ്റ് നേടി.